കാരൂർ സോമൻ
ഒരു വരി കൂടിയെഴുതാൻ എന്നുള്ളിൽ
നീരുറവയായി നീ നിറയുന്നു
നിന്നിലലിയാൻ ഞാനൊരു വെളിച്ചമാവുന്നു
ഇരുട്ടിൻ കിരാതമെഴുത്തിൽ
പുകയുന്ന ഹൃദയത്തിൻ ഏഴുതാളങ്ങളിൽ
നീ നിറയുന്നു , നീരുറവയായി
എൻെറ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴമ്പാട്ടിനുറവ തിരയുമ്പോൾ
നിന്റെ ഹൃദയതന്ത്രികളിൽ ഞാനൊരു
പഴുതാരപ്പടം നിറയ്ക്കുന്നു
രാവെഴുന്നു, പൂനിലാവിൽ നീ നിറയുന്നു
ഞാനെഴുതുന്നു വരികളിൽ
നിന്റെ കദനവും ചെമ്പടപ്പുറപ്പാടിൻ
ചതുരവേഗങ്ങളും കലിയെഴും
കഥ പോലെ നിന്റെ നാവിൻചുവട്ടിൽ
ഞാൻ നിറയുന്നു , നിന്നരുവിയായി
ഒരിക്കലെൻ ചേതനകൾ മറുത്തെറിഞ്ഞില്ലേ
മലർപ്പൊടിയിൽ വേദനകൾ
പൂമുഖപ്പടിയിൽ ഭൂപടമെഴുതിയില്ലേ
നിറനിലാവിൽ കതിരൊളി മറച്ചതറിഞ്ഞില്ലേ
മലർക്കിനാവിൽ മറപിടിച്ചലറിയില്ലേ
നിന്റെ നിലാവുമെൻ കറുപ്പും
കറുപ്പിലഴകായിയെൻ കദനവും
നിൻ മൊഴിയിൽ ഞാനെന്റെ കഥയൊഴുക്കുന്നു
കവിതയിൽ നിനക്കൊരു വൃത്തമൊരുക്കുന്നു
പാട്ടെഴുത്തിൽ പുലരി പൂമ്പാറ്റയാവുന്നു
പലരെഴുത്തിൽ നീയൊരു പനയോലയാവുന്നു
നിന്റെ ചിത്രങ്ങളിലെന്റെ കവിതയിറക്കുന്നു
നിന്റെ ചേദനകളിലെന്റെ കരളിലിറക്കുന്നു
ഇനി -ഒരു ചോദ്യമിവിടെ അവശേഷിക്കുന്നു
ഇനി – ഒരു മറുചോദ്യമിവിടെ മറുനാദമാവുന്നു
അതെന്റെയും നിന്റെയും ഭൂപടത്തിൽ
പിറക്കാതെ പോയൊരു കുഞ്ഞുമാത്രം !!
വിലാസം:
കാരൂര്‍ സോമന്‍
ചാരുംമൂട് പി.ഒ, മാവേലിക്കര, 690 505
E-Mail: [email protected]
Leave a Reply