കൊച്ചിയിൽനിന്ന് കാണാതായ സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കമ്മീഷണർ സി.എച്ച്.നാഗരാജു. സനു മോഹന്‍ സ്വന്തം പേരിലാണ് കർണാടകയിലെ കൊല്ലൂരിലെ ലോഡ്ജിൽ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ആറു ദിവസമായി കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനു മോഹന്റെ ദൃശ്യങ്ങളാണിത്. ലോഡ്ജിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ രാവിലെ ലോഡ്ജിലെ പണം നല്‍കാതെ സനു മോഹന്‍ അവിടെനിന്ന് രക്ഷപെട്ടു. ഇതിന് പിന്നാലെ മലയാളികളായ ഉടമയും ജീവനക്കാരും തിരിച്ചറിയല്‍ രേഖയായി നല്‍കിയ ആധാര്‍കാര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് നാട്ടില്‍ അന്വേഷിച്ചതോടെയാണ് സനു മോഹനെ തിരിച്ചറിഞ്ഞത്.

ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലോഡ്ജിൽ നിന്ന് രക്ഷപെട്ട സനുമോഹനെ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘവും കൊല്ലൂരില്‍ എത്തിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ , വിമാനത്താവളങ്ങൾ, റയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പതിമൂന്നൂകാരി വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് പിതാവ് സനു മോഹനെ കാണാതായത്. മാർച്ച് 22 ന് പുലര്‍ച്ചെ സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതോടെ സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വൈഗ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സനു മോഹനെ പിടികൂടുന്നതോടെ വൈഗയുടെ മരണത്തിലെ ദുരൂഹതയും നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജിന് ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മകളുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം 22നാണ് സനുമോഹനെ കാണാതായത്.