കൊല്ലത്ത് നിന്നും കോട്ടയം വൈക്കത്ത് എത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത. കൊല്ലം അഞ്ചൽ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ എന്നിവർ വീട്ടിൽ നിന്നും ഇറങ്ങിയത് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്നു പറഞ്ഞായിരുന്നു. നവംബർ 13നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
തീവ്രമായ സൗഹൃദത്തിലായിരുന്ന ആര്യയും അമൃതയും ഒരുമിച്ചായിരുന്നു എപ്പോഴും. വിദേശത്ത് ജോലിചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ ക്വാറന്റീൻ സൗകര്യത്തിനായി അമൃത ആര്യയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചത്. ഇതിനിടെ അമൃതയുടെ പിതാവ് വിവാഹാലോചനകളും ആരംഭിച്ചിരുന്നു.
എന്നാൽ, വിവാഹം കഴിഞ്ഞാൽ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന വിഷമത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
കൊല്ലത്ത് നിന്നും ശനിയാഴ്ച രാത്രിയോടെയാണ് വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ വൈക്കത്ത് എത്തിയത്. പിന്നീട് പെൺകുട്ടികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്കെ എടുത്ത് ചാടുകയായിരുന്നു. രണ്ടു പേർ ആറ്റിൽ ചാടിയെന്ന് സമീപത്തെ കുട്ടികളാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പോലീസും മുങ്ങൽ വിദഗ്ധരടക്കമുള്ളവരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
പിന്നീട് തെരച്ചിൽ പുനരാരംഭിച്ചതോടെ തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.
Leave a Reply