മലയാളം യുകെ സ്പെഷ്യൽ

ലെനിന്‍ എന്ന പേര് തനിക്ക് ലഭിച്ചതെങ്ങനെയെന്ന് ലെനിന്‍ തോമസിന് ധാരണയില്ല. ഒരു പക്ഷെ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തിരുന്ന അച്ഛന് റഷ്യയിലെ വിപ്ലവ നായകന്‍ വ്ളാഡിമിര്‍ ലെനിനോട് തോന്നിയ ആരാധനയാവാം മകന് ലെനിന്‍ എന്ന പേര് നല്‍കാന്‍ കാരണം. എന്നാൽ ലെനിന്‍ തൻറെ പേര് അന്വര്‍ത്ഥമാക്കി ജീവിതത്തില്‍ വിപ്ലവ നായകനാവുകയായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ ഒപ്പം പഠിച്ച ബാല്യകാല സഖിയെ ജീവിത പ്രതിസന്ധികളോട് സമരം ചെയ്ത് സ്വന്തമാക്കിയതിലുപരി ഈ വാലൻൈറൻസ് ദിനത്തില്‍ കൊച്ചി വൈപ്പിന്‍ സ്വദേശികളായ ലെനിന്‍ തോമസിൻറെയും ആതിര അഗസ്റ്റിൻറെയും പ്രണയത്തെ ശ്രദ്ധേയമാക്കുന്നത് അതിൻറെ സ്ഥായിയായ ഭാവമാണ്. ഒരുപക്ഷെ പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും ഇഷ്ടങ്ങളിലെയും പ്രണയത്തിലേയും ഈ സ്ഥായിയായ ഭാവമാണ്. പ്രണയത്തെ ആസ്പദമാക്കിയുള്ള നല്ലൊരു ചലച്ചിത്രത്തിന് കഥാതന്തുവാകാന്‍ സാധിക്കുന്നതാണ് ഇവരുടെ പ്രണയത്തിലെ പ്രത്യേകതകള്‍.

നാലാം ക്ലാസ് വരെ ലെനിനും ആതിരയും ഒരേ സ്‌കൂളിലാണ് പഠിച്ചത്. മൂന്നാം ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് അറിവിൻറെ ലോകത്തേയ്ക്ക് കൈപിടിച്ച് നടന്നത് രണ്ടുപേര്‍ക്കും ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷെ അന്നൊന്നും അവര്‍ ഓര്‍ത്തിരുന്നില്ല ജീവിതയാത്രയിലുടനീളം പരസ്പരം കൈപിടിക്കാനും കൈത്താങ്ങാകാനും ഉള്ളവരാണ് തങ്ങളെന്ന്. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിട്ടുള്ള സ്‌കൂളിലേയ്ക്ക് പഠനം മാറ്റിയെങ്കിലും രണ്ടുപേരുടേയും കുടുംബങ്ങളുടെ ഇടവക കുഴുപ്പള്ളി സെന്റ് അഗസ്റ്റ്യന്‍ ദേവാലയം ആയിരുന്നത് വേദപഠന ക്ലാസിലൂടെ ബാല്യകാല സൗഹൃദം കാത്തു സൂക്ഷിക്കുവാന്‍ സാധിച്ചു. മനസിലെപ്പോഴോ തോന്നിയ പരസ്പരമുള്ള ഇഷ്ടം ഇവര്‍ തുറന്നു പറയുന്നത് ഹയര്‍ സെക്കന്ററി പഠന കാലത്താണ്. അപ്പോഴേക്കും അഭിരുചികളിലും താല്‍പര്യങ്ങളിലും ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്നവര്‍ കരിയറിലും ഒരേ മേഖല തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിരുന്നു. ലെനിന്‍ ബാംഗ്ലൂരിലും ആതിര കൊച്ചിയിലും  നഴ്സിംഗ് പഠനത്തിന് ചേര്‍ന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് രണ്ട് പേര്‍ക്കും ഉണ്ടാകുന്നത്. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസൃതമായ മാന്യമായ ജോലി കിട്ടാനുള്ള വൈഷമ്യങ്ങള്‍ തന്നെയാണ് പ്രതിബന്ധമായത്. പഠനം പൂര്‍ത്തിയായതോടെ ആതിരയ്ക്ക് പലയിടത്തുനിന്നും വിവാഹാലോചനകള്‍ വരാന്‍ തുടങ്ങിയത് രണ്ടുപേരേയും സമ്മര്‍ദ്ദത്തിലാക്കി. പക്ഷെ ലെനിനും ആതിരയും കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. യോഗ്യതക്കനുസൃതമായ മികച്ച ജോലി കിട്ടാന്‍ സാധ്യത കൂടുതല്‍ വിദേശത്താണെന്ന് തിരിച്ചറിഞ്ഞ് ലെനിനാണ് ആദ്യം ആ വഴിക്ക് നീങ്ങിയതും സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടണില്‍ വരാനുള്ള ശ്രമങ്ങളാരംഭിച്ചതും. പക്ഷെ ബാങ്കുകള്‍ ഇരുവരുടെയും ജീവിത യാത്രയില്‍ വില്ലന്‍ വേഷമണിഞ്ഞു.

സ്റ്റുഡന്റ്സ് ലോണിനുവേണ്ടി ലെനിന്‍ മുട്ടാത്ത വാതിലുകളും കയറി ഇറങ്ങാത്ത ബാങ്കുകളും കൊച്ചി നഗരത്തിലുണ്ടാവില്ല. നിരന്തര പരിശ്രമത്തിൻറെ ഭാഗമായി ധനലക്ഷ്മി ബാങ്കില്‍ നിന്ന് ലഭിച്ച 5 ലക്ഷം രൂപയുടെ ലോണും വീട്ടുകാരുടെ സാമ്പത്തിക സഹായത്തോടെയും ആദ്യം യുകെയില്‍ എത്തിയത് ലെനിനാണ്. 2010ല്‍ ബ്രിട്ടണിലെത്താനുള്ള വഴി ലെനിന് തുറന്നു കിട്ടിയപ്പോള്‍ പിന്നാലെ ആതിരയ്ക്ക് കാനഡയില്‍ ജോലിക്കുള്ള അവസരം ഒത്തുവന്നു. 2014 ജൂലൈയില്‍ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായ ലെനിനും ആതിരയ്ക്കും അലക്സ്, റെയ്ച്ചല്‍ എന്നീ രണ്ടു കുട്ടികളുമായി ബ്രിട്ടണിലെ യോര്‍ക്ക്ഷയറിലുളള ഡ്യൂസ്ബറിയിലാണ് സ്ഥിരതാമസം.

വാലൻൈറൻസ് ദിനത്തോടനുബന്ധിച്ച് ലെനിനും ആതിരയ്ക്കും പറയാനുള്ളത് ഇഷ്ടങ്ങളിലെയും താല്‍പര്യങ്ങളിലെയും സ്ഥായിയായ ഭാവത്തെക്കുറിച്ചാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ഒരുപക്ഷേ അന്യമാകുന്നതും, ബന്ധങ്ങള്‍ ശാശ്വതമാകാത്തതിൻറെ കാരണവും മനസിൻറെ ഇഷ്ടങ്ങളേക്കാള്‍ ഉപരി ബന്ധങ്ങളില്‍ സ്വാര്‍ത്ഥത കടന്നുവരുന്നതാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പണത്തിനും പ്രൊഫഷനും മറ്റും മുന്‍തൂക്കം നല്‍കുമ്പോള്‍ മനസിൻറെ ഇഷ്ടത്തെ മാറ്റിനിര്‍ത്തുകയും കൈ പിടിച്ചു തുഴയേണ്ടവര്‍ വിപരീത ദിശയില്‍ യാത്ര ചെയ്യുകയും ചെയ്യുന്നു. ബന്ധങ്ങളിലെ ഇഴയടുപ്പമില്ലായ്മയ്ക്ക് പലപ്പോഴും കാരണമാകുന്നത്. മനസിൻറെ ഇഷ്ടങ്ങളെ പണത്തിൻറെയും പ്രൊഫഷൻറെയും തിളക്കത്തില്‍ ഉപേക്ഷിക്കുന്നതാണ്. ബാല്യകാലങ്ങളില്‍ തുടങ്ങിയ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും നഷ്ടപ്പെടാതെ സൂക്ഷിച്ച ലെനിനും ആതിരയും തീര്‍ച്ചയായും ഊ വാലൻൈറൻസ് ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കൊരു മാതൃകയാണ്.