ശിവജ കെ.നായർ.
പച്ച മരത്തിന്റെ ഉച്ചിയിൽ
മകര വെയിൽ
തിളച്ചുമറിഞ്ഞു.
ഇലകൾ കൊഴിച്ചെറിഞ്ഞ്
ജല സമൃദ്ധിതേടിയ
കൊമ്പിൻ മുനമ്പിൽ
ചുവന്നുതുടുത്തൊരൊറ്റപ്പൂവ് മാത്രം
ഉദിച്ചങ്ങനെ
ജ്വലിച്ചു നിന്നു .
വെയിൽത്തിളപ്പിലേയ്ക്ക്
ചൂടുചോര ചാറിയ
ഒരുൻമാദിനിപ്പൂവ് !
വേനലൊഴുക്കിനെതിരെ
ഒരീറൻ കാറ്റ്
പലവട്ടം നീന്തിക്കയറിയ
നേരത്ത്
നരകയറിയ
ഉമിക്കുന്നു മല
ചമഞ്ഞൊരുങ്ങിയ
ഒട്ടിയക്കുഴിയുടെ നേർക്ക്
ഒരു വിളറിയ
ചിരിയെറിഞ്ഞു
തിളച്ചു കുറുകി
തണുത്തുറഞ്ഞ
വെയിൽ
കൊത്തിക്കുടിച്ച്
പൂച്ച വയലിലെ
കാക്കകൾ
ആർപ്പുവിളിച്ചു.
ഒഴുക്കു വറ്റിയ ഒരു
തോടിന്റെ കരയിലെ
പനങ്കൂട്ടത്തിന്റെ
തണലിലപ്പോഴും
തിന്നു കൊഴുത്ത
ഒരെരുമ ഇരുട്ടിന്റെ വന്മല പോലെ
നീണ്ടു നിവർന്നങ്ങനെ
കിടപ്പുണ്ടായിരുന്നു…. !
ശിവജ കെ.നായർ.
ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
Leave a Reply