ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാളത്തിൽ തിരിച്ചെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തെ പ്രശംസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം പ്രണയത്തിന്റെ കാര്യത്തില്‍ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകള്‍ എങ്ങനെയൊക്കെ എന്ന് അതിസമര്‍ത്ഥമായി ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീർഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തിൽ കൊണ്ടു വരാൻ മുൻകൈ എടുത്ത ഈ ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന നടനുമായ ദുൽക്കർ സൽമാനെയും സംവിധായകൻ അനൂപ് സത്യനെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
അതേസമയം, സുരേഷ് ഗോപി എന്ന നടനെ പരീക്ഷിച്ച് അറിഞ്ഞ വ്യക്തികളിൽ ഒരാളാണ് താനെന്ന് വ്യക്തമാക്കുന്നുണ്ട് ശ്രീകുമാരൻ തമ്പി. എന്നാൽ അടുത്തിടെ സുരേഷ് ഗോപി സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെടുകയായിരുന്നോ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടൻ അപ്രത്യക്ഷനായത്? അതിന്റെ പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ? എന്നും അദ്ദേഹം ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പ്രണയത്തിന്റെ അവസ്ഥാന്തരങ്ങൾ !
അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച ”വരനെ ആവശ്യമുണ്ട്” എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാൻ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാൻ അവസരം ലഭിച്ചത്. പ്രണയത്തിന്റെ കാര്യത്തിൽ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകൾ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തിൽ അതിസമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീർഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തിൽ കൊണ്ടു വരാൻ മുൻകൈ എടുത്ത ഈ ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന നടനുമായ ദുൽക്കർ സൽമാനെയും സംവിധായകൻ അനൂപ് സത്യനെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നാൾ മുതൽ ദുൽക്കർ സൽമാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. അഭിനയത്തിൽ അദ്ദേഹം കാണിക്കുന്ന അനായാസതയും അവധാനതയും പല നടന്മാർക്കും മാർഗ്ഗ ദർശകം ആകേണ്ടതാണ്.
” ഓർമ്മയുണ്ടോ ഈ മുഖം ? ” എന്ന് ചോദിച്ചു കൊണ്ട് തോക്ക് ചൂണ്ടാനും സംഘട്ടന രംഗങ്ങൾ അഭിനയിക്കാനും മാത്രം അറിയുന്ന ഒരു നടൻ അല്ല സുരേഷ് ഗോപി എന്ന് തുടക്കത്തിൽ തന്നെ അദ്ദേഹത്തെ പരീക്ഷിച്ചറിഞ്ഞ എനിക്ക് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു. ഉദ്ദേശ്യ ശുദ്ധിയോടെ നിർമ്മിക്കപ്പെട്ട അനവധി സിനിമകളിലെ പ്രകടനത്തിലൂടെ സുരേഷ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തിൽ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടൻ അപ്രത്യക്ഷനായത്? അതിന്റെ പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ? ഏതായാലും നിർമ്മാതാവായ ദുൽക്കർ സൽമാനും സംവിധായകൻ അനൂപ് സത്യനും പൂച്ചയുടെ കഴുത്തിൽ ആദ്യം ആര് മണി കെട്ടും? എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. ഈ ചെറുപ്പക്കാർ തനിക്കു നൽകിയ അവസരം സുരേഷ് ഗോപി എന്ന നടൻ സൂക്ഷ്മതയോടെയും അതീവ ചാരുതയോടെയും കൈകാര്യം ചെയ്തിട്ടുമുണ്ട്.. ഒരൊറ്റ നോട്ടത്തിൽ പത്തു വാക്യങ്ങളുടെ അർത്ഥം കൊണ്ടു വരാൻ കഴിവുള്ള ശോഭന എന്ന അഭിനേത്രിയുടെ സാന്നിദ്ധ്യം കൂടി ആയപ്പോൾ സ്വർണ്ണത്തിനു സുഗന്ധം ലഭിച്ചതു പോലെയായി.. അവർ രണ്ടുപേരും ഒരുമിക്കുന്ന എല്ലാ മുഹൂർത്തങ്ങളും അതീവ ചാരുതയാർന്നവയാണ്. മലയാളത്തിന്റെ പ്രിയ നടി ഉർവശി തനിക്കു കിട്ടിയ ചെറിയ വേഷം സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ എത്ര മനോഹരമാക്കിയിരിക്കുന്നു ! അച്ഛൻ സത്യൻ അന്തിക്കാടിന്റെ പ്രിയ നടിയായ കെ പി എ സി ലളിതയെ മകനും ഒഴിവാക്കിയിട്ടില്ല. ” ആകാശവാണി” അത്യുജ്ജ്വലം!
ആദ്യ പകുതിയുടെ ദൈർഘ്യം ലേശം കുറയ്ക്കാമായിരുന്നു എന്ന് തോന്നി. എന്നാൽ രണ്ടാം പകുതി അത്യധികം നന്നായി. ഗാനരംഗങ്ങളും ചെന്നൈ നഗരദൃശ്യങ്ങളും മികച്ച രീതിയിൽ പകർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും നന്നായി. മമ്മൂട്ടിയുടെ മകനും പ്രിയദർശന്റെ മകളും ഒരുമിച്ചു വരികയും മികച്ച അഭിനയം കൊണ്ടു കാണികളെ കീഴടക്കുകയും ചെയ്യുമ്പോൾ ഏതു മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക!! മലയാള സിനിമയുടെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇതു പോലുള്ള ചിത്രങ്ങൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്.
അർത്ഥശൂന്യമായ ചേരിതിരിവുകൾക്ക് അടിമകളാകാതെ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു..
Leave a Reply