ആഭരണമോഷണക്കേസിൽ അറസ്റ്റിലായ വീട്ടമ്മയുടെ ഭർത്താവിനെ ചിറയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലുപവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാൽപവൻ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വടാന്തോൾ കോക്കാടൻ കുര്യൻ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ഏപ്രിൽ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോൺസന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ ആലീസ് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തുകയറിയത്. ആലീസിനെ ഞായറാഴ്‌ച വൈകീട്ട് കോടതിയിൽ ഹാജരാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പോലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്‌ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ ആലീസ് കുറ്റം സമ്മതിക്കുകയും കുര്യനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യാവീട്ടിലെത്തിയ കുര്യൻ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂർച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മക്കൾ: ആൽബിൻ, അർണോൾഡ്. ശവസംസ്കാരം തിങ്കളാഴ്ച പള്ളിക്കുന്ന് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.