സ്വന്തം ലേഖകന്‍

ലെസ്റ്റര്‍ :  രണ്ടായിരത്തോളം യുകെ മലയാളികള്‍ ഒത്ത് ചേര്‍ന്ന് ആസ്വദിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് യുകെയിലെ മികച്ച വ്യക്തിത്വങ്ങളെയും, സംഘടനകളെയും ആദരിക്കുന്ന വേദി കൂടി ആയിരുന്നു. മലയാളം യുകെ എക്സല്‍ അവാര്‍ഡ് ആദ്യമായി സമ്മാനിക്കപ്പെട്ട വേദിയില്‍ ആദരിക്കപ്പെട്ടത് യുകെ മലയാളി സമൂഹത്തിലെ ശ്രേഷ്ഠ സംഘടനകളും വ്യക്തികളും മാത്രമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ വൈശാഖ് ഉദ്ഘാടനം ചെയ്ത മലയാളം യുകെ എക്സല്‍ അവാര്‍ഡില്‍ മുഖ്യാതിഥി ആയിരുന്നത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആയിരുന്നു.

മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡ് കരസ്ഥമാക്കിയത് യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ സ്ഥാപക പ്രസിഡണ്ട് ആയ വര്‍ഗീസ്‌ ജോണ്‍ ആയിരുന്നു. തന്‍റെ പ്രവാസ ജീവിതത്തിന്‍റെ ഏറിയ പങ്കും യുകെ മലയാളികളെ ഒരുമിച്ച് ചേര്‍ക്കുന്നതിനും കലാ കായിക സംസ്കാരിക രംഗങ്ങളിലെ അവരുടെ വളര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിച്ച വര്‍ഗീസ്‌ ജോണിന് ഈ അവാര്‍ഡ് ലഭിച്ചപ്പോള്‍ അംഗീകരിക്കപ്പെട്ടത് യുകെ മലയാളി സമൂഹം തന്നെയാണ്.

2009 ജൂലൈയില്‍ രൂപം കൊണ്ട യുക്മ എന്ന സംഘടനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിസ്തുല പങ്ക് വഹിച്ച വര്‍ഗീസ്‌ ജോണ്‍ ആദ്യകാലത്ത് നിരവധി ത്യാഗങ്ങള്‍ സഹിച്ചായിരുന്നു യുക്മ കെട്ടിപ്പടുത്തത്. രൂപം കൊണ്ട കാലത്ത് വ്യക്തികളും സംഘടനകളും യുക്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. എന്നാല്‍ യുകെയിലുടനീളം സഞ്ചരിച്ച വര്‍ഗീസ്‌ ജോണ്‍ യുകെയിലെ ഒട്ടു മിക്ക സംഘടനകളിലും എത്തി ഭാരവാഹികളുമായി സംസാരിച്ച് യുക്മ എന്ന പ്രസ്ഥാനത്തിന്‍റെ ആവശ്യകതയും പ്രസക്തിയും മനസ്സിലാക്കി കൊടുക്കുകയും നിരവധി അസോസിയേഷനുകളെ യുക്മയില്‍ അംഗത്വം നല്‍കി യുക്മയുടെ ഭാഗമാക്കുകയും ചെയ്തു.

വര്‍ഗീസ്‌ ജോണ്‍ കെട്ടിപ്പടുത്ത അടിത്തറയില്‍ വളര്‍ന്ന യുക്മ പില്‍ക്കാലത്ത് യുകെ മലയാളി സമൂഹത്തിന് പല ആപത്ത് ഘട്ടങ്ങളിലും തുണയായി മാറുന്ന കാഴ്ചയ്ക്ക് മലയാളി സമൂഹം സാക്ഷ്യം വഹിച്ചു. അതോടൊപ്പം തന്നെ കേരളീയ സംസ്കാരവും കലാരൂപങ്ങളും യുകെ മലയാളി സമൂഹത്തിന്‍റെ ഭാഗമായി നിലനിര്‍ത്തുന്നതിലും യുക്മ വഹിച്ച് വരുന്ന പങ്ക് നിസ്തുലമാണ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുകെ മലയാളി സമൂഹത്തെ ഒന്നടങ്കം ഒരുമിച്ച് ചേര്‍ത്ത് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക വഴി യുകെ മലയാളികളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിലും ഇന്ന് യുക്മ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌.

ആലപ്പുഴ ജില്ലക്കാരനായ വര്‍ഗീസ്‌ ജോണ്‍ കൂട്ടുകാര്‍ക്കും യുകെ മലയാളികള്‍ക്കും ഇടയില്‍ അറിയപ്പെടുന്നത് സണ്ണിച്ചേട്ടന്‍ എന്ന പേരിലാണ്. ഇദ്ദേഹത്തിന്‍റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പൂര്‍ണ്ണ പിന്തുണ നല്‍കി വരുന്നത് ഭാര്യ ലവ് ലി വര്‍ഗീസ്‌ മക്കളായ ആന്‍ തെരേസ വര്‍ഗീസ്‌, ജേക്കബ് ജോണ്‍ വര്‍ഗീസ്‌ എന്നിവരടങ്ങിയ കുടുംബമാണ്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വര്‍ഗീസ്‌ ജോണിന് സമ്മാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ മലയാളം യുകെ എക്സല്‍ അവാര്‍ഡ് കരസ്ഥമാക്കുന്നതിനുള്ള അവസരം ലഭിച്ചത് ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയ രാജ തോമസിന് ആണ്. തന്‍റെ അഞ്ചാം വയസ്സ് മുതല്‍ കരാട്ടെ പരിശീലനം  ആരംഭിച്ച രാജ തോമസ്‌ ഇന്ന് ഒരു മലയാളിക്ക് ഈ രംഗത്ത് എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുള്ള ഏറ്റവും ഉന്നതമായ പദവിയില്‍ എത്തി നില്‍ക്കുകയാണ്. പൂര്‍ണ്ണമായ സമര്‍പ്പണം കരാട്ടെയ്ക്ക് നല്‍കിയ രാജ തോമസ്‌ കോളേജ് വിദ്യാഭ്യാസ കാലഘട്ടം എത്തുന്നതിന് മുന്‍പ് തന്നെ കേരളത്തില്‍ ഒന്നിലധികം ഡോജോകളില്‍ (കരാട്ടെ പരിശീലന കേന്ദ്രം) അദ്ധ്യാപകനായി മാറിയിരുന്നു.

യൂണിവേഴ്സിറ്റി പഠന കാലത്തിന് ശേഷം അമേരിക്കയിലേക്ക് പോയ ഇദ്ദേഹം ഇവിടെയും കരാട്ടെ പരിശീലനം തുടരുകയും നിരവധി പേര്‍ക്ക് കരാട്ടെയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് യുകെയിലെത്തിയ ശേഷം ഒക്കിനാവന്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ പരിശീലന കേന്ദ്രങ്ങള്‍ യുകെയില്‍ ആരംഭിക്കുകയും യുകെയിലെ കരാട്ടെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി മാറുകയും ചെയ്തു. ഇന്ന് യുകെയില്‍ പലയിടങ്ങളിലായി നിരവധി ഡോജോകളും ലെസ്റ്ററില്‍ സ്വന്തമായി ആസ്ഥാന മന്ദിരവും സൈബുക്കാന്‍ കരാട്ടെയ്ക്ക് ഉണ്ട്. ഇവിടങ്ങളില്‍ എല്ലാമായി ആയിരത്തോളം ശിഷ്യഗണങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. പൂര്‍ണ്ണതയ്ക്കായി ഇടയ്ക്കിടെ ജപ്പാനില്‍ എത്തി ഇപ്പോഴും പരിശീലനം തുടരുന്ന ഇദ്ദേഹം കരാട്ടെ കൂടാതെ കുബുഡോയിലും ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്.

കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇദ്ദേഹത്തിന്‍റെ ഭാര്യ ബിജിലി രാജ തോമസ്‌ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടിയിട്ടുണ്ട്. രണ്ട് മക്കള്‍. ലിയോ തോമസ്‌, റിയോ തോമസ്‌ എന്നിവരും കരാട്ടെയുടെ വഴികളില്‍ തന്നെയാണ് സഞ്ചാരം. മികച്ച ആരോഗ്യ പരിപാലനത്തിന് ഉതകും എന്നതിനാല്‍ മുതിര്‍ന്നവര്‍ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തില്‍ ആണ് കൂട്ടുകാര്‍ക്കിടയില്‍ പ്രിന്‍സ് എന്നറിയപ്പെടുന്ന രാജ തോമസ്‌. കായിക രംഗത്ത് നിന്നുള്ള മികച്ച പ്രതിഭയ്ക്ക് ഉള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്.

Also read :

അൻജോ ജോർജ് മിസ് മലയാളം യുകെ 2017.. ഫസ്റ്റ് റണ്ണർ അപ്പ് സ്വീൻ സ്റ്റാൻലി.. സ്നേഹാ സെൻസ് സെക്കൻറ് റണ്ണർ അപ്പ്.. ലെസ്റ്ററിലെ റാമ്പിൽ രാജകുമാരികൾ മിന്നിത്തിളങ്ങി..

മികച്ച അസോസിയേഷനുകളായി തെരഞ്ഞെടുക്കപ്പെട്ടത് സ്റ്റോക്ക് ഓണ്‍ ട്രെന്റും വാറ്റ്ഫോര്‍ഡും നനീട്ടനും; മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത് മികച്ച സംഘാടകര്‍

നഴ്സുമാരുടെ മഹത്തായ സേവനത്തിന്  സ്നേഹാദരമർപ്പിച്ച് മലയാളം യുകെ.. കൃതജ്ഞതയുടെ നറുപുഷ്പങ്ങൾ സമർപ്പിച്ചത് 11 കുട്ടികൾ.. ലെസ്റ്ററിൻറെ മണ്ണിൽ കരുണയുടെ മാലാഖമാർക്ക് ലോകത്തിൻറെ പ്രണാമം..