ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ അച്ഛൻ. ആരായിരിക്കും അച്ഛന്റെ കസേരയുടെ അനന്തരാവകാശി അഥവാ വാരിസ് എന്ന വാശിയോടെ നടക്കുന്ന രണ്ടുമക്കൾ. ബിസിനസല്ല, കുടുംബവും ജീവിതവും സന്തോഷവുമാണ് വലുത് എന്നുകരുതുന്ന ഇളയ മകൻ.
170 മിനിറ്റിലധികം ദൈർഘ്യമുള്ള സിനിമയിൽ വിജയ് നിറഞ്ഞു നിൽക്കുന്നു. ഒപ്പം രശ്മിക മന്ദാനയുണ്ട്, എസ്.തമന്റെ ഗംഭീര ഗാനങ്ങളുണ്ട്, അച്ഛനായി ശരത്കുമാറുണ്ട്, പ്രധാനവില്ലനായി പ്രകാശ് രാജും പിന്നണിയായി സുമനുമുണ്ട്. വിജയ് ആരാധകന് ആഘോഷിക്കാനുള്ള വകയുമായാണ് വാരിസിന്റെ വരവ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കുടുംബപ്രേക്ഷകരെ കൂടി ലക്ഷ്യം വച്ചാണ് ഇത്തവണ ദളപതിയുടെ വരവ്.
ചിത്രത്തിന്റെ രണ്ടാംപകുതിയിൽ വിജയ് തന്റെ ഈ യാത്രയെക്കുറിച്ച് കൃത്യമായി ഒറ്റവാക്കിൽ പറയുന്നുണ്ട്..‘ ധർമയുദ്ധം’! തൊണ്ണൂറുകളിലെ വിന്റേജ് വിജയ് ആണ് വാരിസിലുണ്ടാവുകയെന്ന വാക്കു പാലിക്കാനാണ് ശ്രമമെന്ന് സംവിധായകൻ വംശി മുൻപ് പറഞ്ഞിട്ടുണ്ട്. ആ അർഥത്തിൽ, ദ് ബോസ് റിട്ടേൺസ് എന്ന പഞ്ച് ഡയലോഗും ചിത്രത്തിനു ചേരും.
ബിസിനസ് ശത്രുക്കൾ ഒരുക്കുന്ന ചതിക്കുഴികളിൽ പെട്ടുഴലുന്ന കുടുംബം. പാതിവഴിയിൽ കുടുംബത്തിന്റെ രക്ഷകനായി ചുമതലയേൽക്കേണ്ടി വരുന്ന ഇളയമകൻ. ഈ ഒരു സെറ്റപ്പിൽ അതിവിദഗ്ധമായി തൊണ്ണൂറുകളിലെ ‘വിന്റേജ്’ വിജയ് അവതരിപ്പിക്കപ്പെടുന്നുവെന്നതാണ് വാരിസിന്റെ പ്രത്യേകത.
യോഗി ബാബു–വിജയ് കോമഡി ട്രാക്ക് കൃത്യമായി വർക്കൗട്ട് ആവുന്നുണ്ട്. മനോഹരമായ ഇമോഷനൽ ഡയലോഗുകൾ കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കും. എന്നാൽ ഇതൊന്നുമല്ല ചിത്രത്തിന്റെ ഹൈലൈറ്റ്. പൊടിപാറുന്ന നാല് ആക്‌ഷൻ സീൻസിൽ മികച്ച പ്രകടനം നടത്തുന്നുണ്ട് വിജയ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഡാൻസ് സ്റ്റെപ്പുകളുമായി വിജയ് ഇളകി മറിയുന്നു. നായകനു പ്രേമിക്കാൻ വന്നുപോവുന്ന നായികയായാണ് രശ്മികയുടെ വരവെങ്കിലും ‘രഞ്ജിതമേ…’ എന്ന പാട്ട് തിയറ്ററിനെ ഇളക്കിമറയ്ക്കാൻ കെൽപ്പുള്ളതാണ്.
പുതുമയുള്ള കഥയൊന്നുമല്ല വാരിസിന്റേത്. എന്നിരുന്നാലും വംശിയുടെ പുതുമ നിറഞ്ഞ ട്രീറ്റ്മെന്റ് ആണ് വാരിസിനെ വേറിട്ടതാക്കുന്നത്. തെലുങ്ക് സംവിധായകനായ വംശി ‘തോഴാ’ എന്ന ചിത്രത്തിനുശേഷം ചെയ്യുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് വാരിസ്. തെലുങ്കിലെ സമീപകാല ഹിറ്റുകളായ ‘ശ്രീമന്തുഡു’, ‘അലാ വൈകുണ്ഠാപുരമുലൂ’, ‘മഹർഷി’ തുടങ്ങിയ സിനിമകളുടെ അതേ കഥാഗതികൾ ചേർത്തുവച്ചാണ് വാരിസും തയാറാക്കിയിരിക്കുന്നത്. സംവിധായകനും നിർമാതാവ് ദിൽരാജുവും വാരിസിനെ ഫാമിലി ഡ്രാമ എന്ന രീതിയിലാണ് റിലീസിനുമുന്നേതന്നെ വിശേഷിപ്പിച്ചത്. ആ ജോണറിനോട് തികച്ചും നീതിപുലർത്തി തന്നെയാണ് വംശി വാരസിനെ ഒരുക്കിയിരിക്കുന്നതും.
ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു മികച്ച ഫാമിലി എന്റർടെയ്നർ എന്ന് തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം.കൂടാതെ ഏതൊരു ആസ്വാദകനെയും നിരാശരാക്കാത്ത വിധം റൊമാൻസ്, കോമഡി, ഫൈറ്റ് എല്ലാം പാകം പോലെ ചേർത്തിട്ടുമുണ്ട്. തമന്റെ പശ്ചാത്തലസംഗീതവും വിജയ്‍യുടെ സ്റ്റൈലിഷ് സ്വാഗ് കൂടെ ചേരുമ്പോൾ വാരിസ് തിയറ്ററുകളിൽ ആഘോഷമാകും.
ഈ പൊങ്കലിന് തമിഴ് സിനിമാആസ്വാദകരെ പുളകം കൊള്ളിച്ചുകൊണ്ടാണ് വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും തിയറ്റററുകളിലെത്തിയിരിക്കുന്നത്. പതിനാറാം തവണയാണ് അജിത്തിന്റെയും വിജയ്‌യുടെയും സിനിമകൾ ഒരേ ദിവസം തിയറ്ററിലെത്തുന്നത്. ജില്ലയും വീരവുമാണ് ഏറ്റവുമൊടുവിൽ ഒരേദിവസം റിലീസ് ചെയ്തത്. വാരിസും തുനിവും ആദ്യദിനം തമിഴ്നാട്ടിൽനിന്നു മാത്രം 40–45 കോടി കലക്റ്റു ചെയ്യുമെന്നാണ് വിദദ്ധാഭിപ്രായം. കേരളത്തിലും രാത്രി പന്ത്രണ്ടുമണിക്കും രാവിലെ നാലുമണിക്കും ആറുമണിക്കുമുള്ള ഷോകൾ നിറഞ്ഞ സദസ്സിലാണ് നടന്നത്.
Leave a Reply