വര്‍ക്കലയില്‍ നാടിനെ നടുക്കിയ ദുരന്തത്തില്‍ അഞ്ചു ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ വിശദമായ അന്വേഷണം. വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തിലാണ് പോലീസിന് ഇനിയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നത്.

പത്ത് മാസങ്ങള്‍ക്ക് മുന്‍പാണ് വീടിനകത്ത് ഉറങ്ങുകയായിരുന്ന കുടുംബത്തിന് കൂട്ടമരണം സംഭവിച്ചത്. വര്‍ക്കലയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപന്‍, ഭാര്യ ഷേര്‍ളി, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാന്‍, പ്രതാപന്റെ ഇളയമകന്‍ അഹില്‍ എന്നിവരാണ് മരണപ്പെട്ടത്.

ഈ അപകടത്തില്‍ നിന്നും മൂത്തമകന്‍ നിഹില്‍ മാത്രം ഗുരുതര പൊള്ളലോടെ രക്ഷപ്പെട്ടിരുന്നു. സംഭവം നടന്ന് പത്ത് മാസം പിന്നിട്ടിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയോ അന്വേഷണം പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ല.

ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിരിക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

2022 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയാണ് പ്രതാപന്റെ വീട്ടില്‍ നിന്നും പുകയും തീയും ഉയരുന്നത് അയല്‍ക്കാര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ഒരാളെ പരിക്കകുളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.

തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം. തീപിടുത്തത്തില്‍ ഇരുനില വീട് ഭാഗികമായും കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. എന്നാല്‍ തീ എങ്ങിനെയാണ് പടര്‍ന്നതെന്നും ഉറവിടം എവിടെയാണെന്നും കൃത്യമായി കണ്ടെത്താനായിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടായി അത് കേബിള്‍ വഴി ഹാളിലേക്ക് പടര്‍ന്നെന്നുമാണ് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പക്ഷെ ഫൊറന്‍സിക് പരിശോധനകളില്‍ ഇത് ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല.

പുക ശ്വസിച്ചതാണ് മരണകാരണം. മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏറ്റിരുന്നില്ല. വസ്ത്രങ്ങളില്‍ തീപടരാത്തതും ഈ നിഗമനത്തിലേക്ക് പോലീസിനെ നയിച്ചു. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞു. വീടിനുള്ളിലെ ജിപ്സം ഇന്റീരിയല്‍ വര്‍ക്കുകള്‍ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയെന്നും പോലീസ് പറയുന്നു.

ഇതോടെ, എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടരുകയും ശ്വാസം മുട്ടി മരണങ്ങള്‍ സംഭവിച്ചെന്നുമാണ് കണ്ടെത്തല്‍. പുക നിറഞ്ഞത് തിരിച്ചറിഞ്ഞ്‌പോള്‍ രക്ഷപ്പെടാനായില്ലെന്നും പോലീസ് കരുതുന്നു.

എന്നാല്‍ വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീപ്പൊരി വീണ് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും വീടിനുള്ളില്‍ ഉണ്ടായിരുന്നവരോ അയല്‍വീടുകളിലുള്ളവരോ ശബ്ദം കേട്ടിരുന്നില്ല. ഇതെന്താണ് എന്ന ചോദ്യവും പോലീസ് ഉയര്‍ത്തുന്നുണ്ട്. പുറത്ത് കത്തിപ്പിടിച്ച തീ വീടിനുള്ളിലേക്ക് കയറി ഇത്രത്തോളം നാശനഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.

ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ മരണങ്ങളില്‍ സംശയമുന്നയിച്ച് പ്രതാപന്റെ കുടുംബം പരാതി നല്‍കിയതോടെയാണ് കേസ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.