ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എൻ.ഡി.എ. മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവൻ അങ്കണത്തിലെ തുറന്നവേദിയിൽ വൈകീട്ട് ഏഴിനാണ്‌ ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.

ദില്ലിയിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയായത്. രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിർമല സീതാരാമൻ, പ്രകാശ് ജാവദേകർ, രവിശങ്കർ പ്രസാദ്, നരേന്ദ്ര സിംഗ് തോമാർ, രഅ‍ജുൻ മേഖ്‍വാൾ എന്നിവർ തുടരും. ഇവർ മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രാഷ്ട്രപതി ഭവനിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.

കഴിഞ്ഞ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്കൊപ്പം പുതുമുഖങ്ങളും യുവാക്കളും ഇടംപിടിക്കും. മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിച്ച അരുൺ ജെയ്റ്റ്‌ലിയെ പ്രധാനമന്ത്രി രാത്രിയിൽ വീട്ടിലെത്തി കണ്ടത് തുടരണമെന്ന് അഭ്യർഥിക്കാനാണെന്ന് അഭ്യൂഹമുണ്ട്. ചടങ്ങിൽ 6500 ലേറെ പേർ പങ്കെടുക്കും.

സഖ്യകക്ഷികളിൽ ജെഡിയുവിനും എൽ. ജെ. പിക്കും എ. ഡി. എം. കെയ്‌ക്കും മന്ത്രിമാർ ഉണ്ടാവും. എൽ. ജെ. പി നേതാവ് രാംവിലാസ് പാസ്വാൻ ഉൾപ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തേക്കും. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. കുമ്മനം രാജശേഖരനോട് ഇന്ന് ദില്ലിയിലെത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതോടെ ഇദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. സത്യപ്രതിജ്ഞയ്ക്കുശേഷം രാത്രിവൈകി മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിക്കും.