വര്‍ക്കലയില്‍ കാണാതായ ദമ്പതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അയല്‍വാസികളുടെ നിരന്തര അക്രമത്തിനെതിരെ വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചശേഷം ദമ്പതികളെ കാണാതാവുകയായിരുന്നു. ബന്ധുവീടുകളിലും ആരാധനാലയങ്ങളിലും ആശുപത്രികളും കേന്ദ്രീകരിച്ച് മൂന്നുദിവസമായി നടന്നുവന്ന അന്വേഷണം വിഫലമായതിനെ തുടര്‍ന്നാണ് ഇരുവരുടെയും ഫോട്ടയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

സമൂഹ മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. അയല്‍വാസിയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വര്‍ക്കല ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിലക്കൂര്‍ സെയ്ദലി മന്‍സിലില്‍ തങ്ങള്‍കുഞ്ഞ് (27), ഗര്‍ഭിണിയായ ഭാര്യ നേഹയെന്ന സ്വാലിഹ (26) എന്നിവരെ ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് കാണാതാവുകയായിരുന്നു.

ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി പുത്തന്‍ ചന്ത ഭാഗത്ത് ഇറങ്ങിയെന്ന സൂചന മാത്രമാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. വര്‍ക്കല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവര്‍ക്കായി മെഡിക്കല്‍ കോളേജ്, എസ്.എ.ടി, ജനറല്‍ ആശുപത്രി, ബീമാപ്പള്ളി, വെട്ടുകാട്, പാളയം പള്ളി തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ഇന്നലെയും തെരച്ചില്‍ നടത്തി. ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയശേഷം അന്വേഷണം കൂടുതല്‍ വ്യാപകമാക്കാനാണ് പോലീസിന്റെ നീക്കം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് നിരവധി തവണ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന തങ്ങള്‍കുഞ്ഞിന്റെ പരാതി സ്വീകരിക്കുവാനോ അന്വേഷണം നടത്തുവാനോ വര്‍ക്കല പോലീസ് തയ്യാറാകാത്തതില്‍ നിരാശനായിരുന്നു തങ്ങള്‍കുഞ്ഞ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോ പ്രാവശ്യവും പരാതിയുമായി ചെന്നപ്പോഴൊക്കെ ഭീഷണിയും അവഗണനയുമായിരുന്നു വര്‍ക്കല സ്റ്റേഷനില്‍ നിന്നുണ്ടായത്. നീതി ലഭിക്കില്ല എന്നുറപ്പായതോടെയാണ് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും കൂട്ടി വിവരങ്ങളെല്ലാം ഒരു ആത്മഹത്യാക്കുറിപ്പെന്നപോലെ എഴുതി വച്ച് ഇവര്‍ ആശുപത്രി വിട്ടത്. മരണം മാത്രമേ ഞങ്ങളുടെ മുന്നിലുള്ളൂ എന്നെഴുതിയ കുറിപ്പില്‍ പണവും സ്വാധീനവുമില്ലാത്തവന്റെ വേദനയുണ്ട്. വര്‍ക്കല പുത്തന്‍ചന്ത മാര്‍ക്കറ്റിനു സമീപം ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തി വരികയാണ് തങ്ങള്‍കുഞ്ഞിന്റെ ഉപ്പ ഷാഹുദ്ദീന്‍.

ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തയാള്‍ കുറെക്കാലമായി മാനസിക അസുഖത്തിന് ചികിത്സയിലാണ്. തങ്ങള്‍കുഞ്ഞും ഷാഹുദ്ദീനും രാപകല്‍ പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഒരു വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനാണ് തങ്ങള്‍കുഞ്ഞ്. അഞ്ച് സെന്റ് ഭൂമിയും ചെറിയൊരു വീടുമാണ് ഇവരുടെ ആകെ സമ്പാദ്യം. കനാല്‍ പുറമ്പോക്കിലെ ചെറിയൊരു കുന്നിന്‍ മുകളിലെ ഇവരുടെ വീട്ടിലേക്ക് ഒരു നടവഴിയാണുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ വഴിയെച്ചൊല്ലിയാണ് അയല്‍വാസിയുമായി തര്‍ക്കം നടക്കുന്നത്. ഇതിന്റെ പേരില്‍ പലപ്രാവശ്യം തങ്ങള്‍കുഞ്ഞിന് മര്‍ദ്ദനമേറ്റു. ഏറ്റവുമൊടുവില്‍ രാത്രി വീടുകയറി മര്‍ദ്ദിച്ചു. പിറ്റേന്ന് വര്‍ക്ക്‌ഷോപ്പിലെത്തി കമ്പികൊണ്ട് അടിച്ച് കഴുത്തിലും നെഞ്ചിലും പരിക്കേല്‍പ്പിച്ചിരുന്നു.

തങ്ങള്‍കുഞ്ഞിന്റേത് മിശ്രവിവാഹമാണ്. സമീപവാസിയായ നേഹയെന്ന സ്വാലിഹയെ എട്ട് മാസം മുമ്പ് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. സ്വാലിഹയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് കെട്ടടങ്ങി. മൂന്ന് വര്‍ഷം മുമ്പ് അയല്‍വാസി വീടും പുരയിടവും വിലയ്ക്ക് ചോദിച്ചതായി തങ്ങള്‍കുഞ്ഞിന്റെ ബാപ്പ ഷാഹുദ്ദീന്‍ പറയുന്നു. കൊടുക്കാമെന്ന് വിചാരിച്ചെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതുകൊണ്ട് കച്ചവടം നടന്നില്ല. ഇതിനു ശേഷമാണ് ഉപദ്രവം കൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.