പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.

പുല്ലിപ്പല്ല് കേസില്‍ കഴിഞ്ഞദിവസം വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് വേടനുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയുടെ നിര്‍ദേശമനുസരിച്ച് ബുധനാഴ്ച വൈകീട്ട് തിരികെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് വേടന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകര്‍ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞു. ഇത് യഥാര്‍ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണ്. മാത്രമല്ല, മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ച തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് വേടനെയും ഒപ്പമുണ്ടായിരുന്ന എട്ടുപേരെയും പോലീസ് ആദ്യം പിടികൂടിയത്. ഫ്ളാറ്റില്‍നിന്ന് ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. പരിശോധനയില്‍ ഇത് പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വേടനെതിരേ മൃഗവേട്ട ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി വനംവകുപ്പ് കേസെടുത്തത്. ഇതോടെ കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിലെ ആരാധകരാണ് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. ഈ ആരാധകരില്‍ രഞ്ജിത് എന്നയാളെ മാത്രമാണ് തനിക്ക് പരിചയമുള്ളതെന്നും വേടന്‍ പറഞ്ഞിരുന്നു. കേസില്‍ വേടനുമായി വനംവകുപ്പ് തെളിവെടുപ്പും നടത്തിയിരുന്നു.