സപ്താഹയജ്ഞത്തിനു സമാപനം കുറിക്കുന്ന ആറാട്ട് നടക്കുകയാണ്. നാട്ടിലെ മിക്കവാറും എല്ലാ സ്ത്രീകളും താലവുമേന്തി ആറാട്ടിനായി ഭഗവാനെ എഴുന്നെള്ളിക്കാൻ രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തിയിരുന്നു. ആറാട്ട് നടക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള ചെറിയ ഒരു വെള്ളച്ചാലിലാണ്. അവിടെ ഒരു തടകെട്ടി വെള്ളം തടഞ്ഞുനിർത്തിയിരിക്കുന്നു. തടയണക്കുചുറ്റുമായി ഭക്തജനങ്ങളെല്ലാവരും നില്ക്കുന്നു. ആചാര്യൻ ഭഗവാന്റെ വിഗ്രഹവും കൊണ്ട് വെള്ളത്തിലേക്കിറങ്ങി…… കർമ്മങ്ങൾ നടക്കുകയാണ്. എല്ലാവരും വളരെ ഭക്തിയോടെ നില്ക്കുന്നു.
അപ്പോഴാണ് കരയിൽ ഉറഞ്ഞു തുള്ളി നില്ക്കുന്ന വെളിച്ചപ്പാടിനെ കാണുന്നത്. ഇയാൾക്ക് ഒരു വെളിച്ചപ്പാടിന്റെ യാതൊരു ഗൗരവുംമില്ലല്ലോ…… അയാളുടെ തുള്ളലിൽ തന്നെ ഒരു കൃത്രിമത്വം എനിക്കെപ്പോഴും തോന്നാറുണ്ട്. അത് എന്റെ മാത്രം തോന്നലായിരിക്കും എന്നു വിശ്വസിച്ചു ഞാനയാളെ നോക്കി….. അയാൾ പതിയെ വെള്ളക്കെട്ടിന്റെ ഒരു വശത്തുള്ള പാറയിൽ നിന്നും നിരങ്ങി താഴോട്ടിറങ്ങുന്നതാണ് കണ്ടത്. അവിടെ കൂടി നിന്നവരിൽ ചിലർ അയാളെ പിടിക്കാൻ ശ്രമിച്ചു. എങ്കിലും അയാൾ തെന്നി താഴേക്കു പോകുന്നു…. ദാ …. താഴെ വെള്ളത്തിൽ .. ! ഭക്തജനങ്ങളിൽ ചിലർ ചെറുതായി ചിരിക്കുന്നു.
വൃദ്ധരായ ഭക്തരുടെയുള്ളിൽ ഒരു ഭീതിപരന്നു.ആരൊക്കെയോ വെള്ളത്തിലിറങ്ങി അയാളെ പിടിച്ചു പൊക്കുന്നു. സാമാന്യം നല്ല തടിച്ചയാളാണ്. വളരെ പണിപ്പെട്ട് വെള്ളത്തിൽ നിന്നെടുത്ത് പാറയിൽ കിടത്തുകയാണ്. കമ്മറ്റി പ്രസിഡന്റിന്റെ വക ചീത്തവിളി…. ആറാട്ട് കെങ്കേമം….!! അവിടെ കൂടി നിന്നവർ ചിരിയൊതുക്കി ഭക്തിയെ സംഭരിക്കുന്നു. എത്ര ശ്രമിച്ചിട്ടും എനിക്കു ചിരിയടക്കാൻ പറ്റുന്നില്ല. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നപോലെ ഞാൻ പതിയെ മുൻനിരയിൽ നിന്നും പുറകിലേക്കു വന്നു. അയാളെ മുമ്പൊരിക്കൽ കണ്ട ഒരു പരിചയം എനിക്കുണ്ട് !

അയൽപക്കത്തെ വീട്ടിൽ ഒരു പൂജ നടക്കുകയാണ്. അടുത്ത വീടുകളിലുള്ളവരെല്ലാം അവിടെ കൂടിയിട്ടുണ്ട്. ഞാൻ പതിയെ അവിടെ ചെന്ന് എത്തിനോക്കി …. കാർമ്മികൻ നമ്മുടെ വെളിച്ചപ്പാട്. പൂജയുടെ അവസാനഘട്ടമാണ്. വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി നിൽക്കുന്നു…. കാൽവിദ്യ മൂക്കാൽ തട്ടിപ്പ് എന്നു പറയുന്നത് ശരിയാണോ എന്ന് എനിക്കൊരു ഉൾവിളി…
ആ സമയത്താണ് അദ്ദേഹം ഒരു വെട്ടുകത്തി കൊണ്ടുവരുവാൻ ആവശ്യപ്പെടുന്നത്. എന്തായിരിക്കും അടുത്ത പരിപാടി. എല്ലാവരും ആകാംക്ഷയോടെ നിൽക്കുകയാണ്. അപ്പോഴാണ് അവിടെ രണ്ട് “”പപ്പായ” കണ്ടത്. അദ്ദേഹം കത്തിയെടുത്ത് അത് വെട്ടി വെട്ടി തുണ്ടം തുണ്ടമാക്കുന്നു…. അവസാനം വിറച്ച് വിറച്ച് ബോധം നഷ്ടപ്പെടുന്നു…. “മണിച്ചിത്രത്താഴ്’ സിനിമയുടെ കൈ്ലമാക്സ് പോലെ. എല്ലാവരും ഒന്നു ഞെട്ടി. ആ ഞെട്ടലിൽ നിന്നും മോചിതരാവാൻ ഏതാണ്ട് ഒരു രാത്രി കഴിയേണ്ടി വന്നു. പിറ്റേന്ന് ചേർന്ന അവലോകനയോഗത്തിൽ “”വെളിച്ചപ്പാടിന്റെ പ്രവചനങ്ങൾ” എല്ലാവരെയും ചൊടിപ്പിച്ചു. ആർക്കും അംഗീകരിക്കാൻ പറ്റാത്ത അയാളുടെ പ്രവചനങ്ങൾ ഇന്നും ഒരു ഫലവും കാണാതെ നിൽക്കുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഇൗ പ്രകടനം. ഭക്തജനങ്ങളുടെ മുഖത്തെ ഭീതിയും ചിരിയും പതിയെ മാറിവരുന്നു. ഇനി ആറാട്ടിനുശേഷമുള്ള മടക്കയാത്രയാണ്.

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .  

 

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.