വെളിപാടിന്റെ പുസ്തകം’ മികച്ച സിനിമ ആയിരിക്കുമെന്നും തികഞ്ഞ പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ. ഷൂട്ടിങ്ങിനായി തലസ്ഥാനത്തു വീണ്ടും എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴക്കൂട്ടത്തെ പ്രേക്ഷകരും ആരാധകരും നൽകിയ സ്വീകരണത്തിനും സ്നേഹത്തിനും നന്ദി. ഇന്നത്തെ ആഘോഷം പോലെ സിനിമയുടെ നൂറാം ദിവസത്തിലെ ആഘോഷത്തിലും നമുക്ക് ഒത്തുചേരാൻ കഴിയട്ടെ എന്നും സൂപ്പർ സ്റ്റാർ. തുമ്പ സെന്റ് സേവ്യേഴസ് കോളജിലെ സിനിമ ചിത്രീകരണത്തിനിടെ പിറന്നാൾ സമ്മാനങ്ങളുമായി എത്തിയ ആരാധകർക്കു മുന്നിൽ മനസ്സു തുറക്കുകയായിരുന്നു ലാൽ.
മനം മയക്കുന്ന ചിരിയും പതിവു മാനറിസങ്ങളുമായി ലാലേട്ടനും ആർപ്പുവിളികളുമായി ആരാധകരും കളം നിറഞ്ഞതോടെ ഷൂട്ടിങ് ലൊക്കേഷനും സജീവമായി. റീടേക്കില്ലാതെയാണു പല സീനുകളും കടന്നുപോകുന്നത്. പതിവു ഷൂട്ടിങ് ലൊക്കേഷനുകളിൽ ഉള്ളതുപോലെ കടുത്ത നിയന്ത്രണങ്ങളോ ബലപ്രയോഗമോ ഇവിടെ ഇല്ല. തിരക്കിനിടയിലും സെൽഫി അഭ്യർഥനകളോടും ലാൽ അനുഭാവം കാട്ടുന്നുണ്ട്. സലീംകുമാർ, സംവിധായകൻ ലാൽജോസ് എന്നിവർക്കു പിന്നാലെയും ആരാധകർ സെൽഫി സ്റ്റിക്കുമായി പരക്കം പായുന്നു.
ആരാധകർ ഒരുക്കിയ പിറന്നാൾ ട്രീറ്റിൽ പങ്കെടുത്തശേഷമാണു ലാൽ ആദ്യ സീനിലേക്കു കടന്നത്. രണ്ടാമൂഴം സിനിമയുടെ പ്രതീക്ഷ പങ്കുവച്ചു പ്രത്യേക ഉപഹാരവും ലാലിന് ആരാധകർ നൽകി. ചിത്രത്തിൽ കോളജ് പ്രിൻസിപ്പൽ പ്രഫസർ മൈക്കിൾ ഇടിക്കുള എന്ന കഥാപാത്രമാണു ലാലിന്. അങ്കമാലി ഡയറീസിലെ ലിച്ചിയിലൂടെ പ്രേക്ഷക ഹൃദയം കവർന്ന രേഷ്മ രാജനാണു നായിക. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും കോളജിലാണു ചിത്രീകരിക്കുന്നത്. 23 ദിവസം മോഹൻലാൽ ഷൂട്ടിങ്ങിനായി ഇവിടെ ഉണ്ടാകും.
റീടേക്കില്ലാതെ ഓരോ സീനും
റീടേക്കില്ലാതെ ഓരോ സീനും കടന്നുപോകുന്നു. ചലച്ചിത്രപ്രേമികൾ ഏറെക്കാലമായി ആഗ്രഹിക്കുന്നതാണു മോഹൻലാൽ–ലാൽജോസ് കൂട്ടായ്മ. ലാലിനെ നായകനാക്കി ഒരു സിനിമ ഇനി എന്നെന്ന ചോദ്യം ലാൽജോസും ഏറെ നാളായി നേരിട്ടിരുന്നു. 1998ൽ മറവത്തൂർ കനവ് റിലീസ് ചെയ്തതു മുതൽ ഞാൻ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനു മറപടി എന്ന മുഖവുരയോടെയാണു പ്രേക്ഷകർക്കു മുന്നിൽ ഈ ചിത്രം ലാൽജോസ് എത്തിക്കുന്നത്.
ബെന്നി പി.നായരമ്പലത്തിന്റേതാണു തിരക്കഥ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഇഷ്ടനായകൻ മോഹൻലാൽ വീണ്ടുമെത്തുമ്പോൾ തികഞ്ഞ ആഹ്ലാദത്തിലാണു നാട്ടുകാർ. പ്രദേശം ഇതു മൂന്നാം തവണയാണു മോഹൻലാൽ സിനിമയുടെ ചിത്രീകരണത്തിനു വേദിയാകുന്നത്.
മഹാസമുദ്രം, കോളജ് കുമാരൻ എന്നിവ ആയിരുന്നു മറ്റു ചിത്രങ്ങൾ. നാട്ടുകാരെ ഏറെ ത്രസിപ്പിച്ച സിനിമാ ചിത്രീകരണമായിരുന്നു മഹാസമുദ്രത്തിന്റേത്. ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗം ഇന്നും ഇവരുടെ ഓർമയിലുണ്ട്. മേനംകുളത്തിനു സമീപത്തെ ഇരുനില വീടായിരുന്നു അന്നത്തെ ലൊക്കേഷൻ. ബിജു പപ്പനെയും സംഘത്തെയും പങ്കായംകൊണ്ട് അടിച്ചോടിക്കുന്നതായിരുന്നു രംഗം. മുണ്ടു മടത്തിക്കുത്തി ലാലേട്ടൻ അടി തുടങ്ങിയതോടെ ആരാധകരുടെ ആവേശം അതിരു കടന്നു.
പുറത്തു നിന്നവർ ഉള്ളിലേക്കു തള്ളിക്കയറി. ഇതോടെ ഷൂട്ടിങ് തടസ്സപ്പെട്ടു. ഒടുവിൽ മോഹൻലാലിന്റെ അഭ്യർഥനയ്ക്കു മുന്നിലാണ് ആരാധകർ കീഴടങ്ങിയത്. അതേസമയം ലാലിന്റെ അഭാവത്തിലായിരുന്നു കോളജ് കുമാരൻ ഷൂട്ട് ചെയ്തത്. തുമ്പ സെന്റ് സേവ്യേഴ്സ് കോളജായിരുന്നു അന്നു ലൊക്കേഷൻ.
Leave a Reply