പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പി.സി ജോര്‍ജ് അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്നും നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് വാ തുറക്കുന്നതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

‘പി.സി ജോര്‍ജിനോളം മത വര്‍ഗീയത ആര്‍ക്കുണ്ട്. ജഗതി ശ്രീകുമാറിന്റെ മകളെ പി.സി ജോര്‍ജ് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചു. പാര്‍വതിയുടെ പേര് അല്‍ഫോന്‍സ് എന്നാക്കി. ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ട്. ചാടിപ്പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി ജോര്‍ജിനെ കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ല’ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ‘മുഖ്യമന്ത്രിക്ക് മറുപടി നല്‍കും, നിയമം ലംഘിക്കില്ല. ബിജപെ ക്രിസ്ത്യാനികളെ വേട്ടയാടിയതായി അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതില്‍ തെറ്റുമില്ല. ഒരു മതത്തേയും വിമര്‍ശിക്കാനില്ല’ പി.സി ജോര്‍ജ് വ്യക്തമാക്കി.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ വ്യാഴാഴ്ച റിമാന്‍ഡിലായ പി സി ജോര്‍ജ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.