വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ബസ് ഡ്രൈവറുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ഉല്‍ക്ക പതിച്ചതുമൂലമെന്നു റിപ്പോര്‍ട്ട്. നട്രംപള്ളി ഭാരതിദാസന്‍ കോളജ്‌വളപ്പില്‍ കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോളജ് കുടിവെള്ള ടാങ്കിന്റെ സമീപത്തുനിന്ന് അര്‍ധരാത്രിക്കുശേഷമാണു സ്‌ഫോടനശബ്ദം കേട്ടത്. ഗുരുതര പരുക്കേറ്റ ബസ് ഡ്രൈവര്‍ കാമരാജ് ആശുപത്രിയില്‍ വച്ചാണു മരിച്ചത്.
ബോംബ് സ്‌ഫോടനമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ സ്‌ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്തതാണു സംശയമുന ഉല്‍ക്കാപതനത്തിന്റെ സാധ്യതയിലേക്കു നീങ്ങിയത്. സംഭവസ്ഥലത്തുനിന്ന് പ്രത്യേകതരം കല്ലിന്റെ സാംപിള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ സ്‌ഫോടനമുണ്ടായ സ്ഥലത്ത് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് ഉല്‍ക്ക പതിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന നിഗമനത്തിലേക്കെത്താന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിച്ചത്. സാംപിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ സ്‌ഫോടനകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്നു പോലീസ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 26ന് വെല്ലൂര്‍ ജില്ലയിലെ ആളങ്കയം ഗ്രാമത്തിലെ നെല്‍പ്പാടത്ത് സമാനമായരീതിയില്‍ സ്‌ഫോടനമുണ്ടാവുകയും സംഭവസ്ഥലത്ത് കുഴിയും രൂപപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പഠിക്കാനെത്തിയ അഹമ്മദാബാദ് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ ഭാരതിദാസന്‍ കോളജിലെത്തി പരിശോധന നടത്തി. വലിയ ഉയരത്തില്‍നിന്നുള്ള ഉല്‍ക്കാ പതനമാണു സ്‌ഫോടനത്തിനു കാരണമെന്നാണു ശാസ്ത്രസംഘം നല്‍കുന്ന സൂചന.