യുകെയിലെ മലയാളികള്‍ മറ്റൊരു മെഗാ ഷോയെ കൂടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. മലയാള ചലച്ചിത്ര ഗാന രംഗത്ത് മുപ്പത്തിയഞ്ചു സംവത്സരങ്ങള്‍ തികയ്ക്കുന്ന മലയാളികള്‍ക്ക് ഒരു പിടി നല്ല ചലച്ചിത്ര ലളിത നാടക ഭക്തി ഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ സ്‌നേഹ ഗായകന്‍ ശ്രീ ജി. വേണുഗോപാല്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ മാന്ത്രിക പരിപാടി ‘ വേണുഗീതം 2018’ മെയ് മാസം 25 മുതല്‍ 28 വരെ യുകെയിലുടനീളം നടത്തപ്പെടുന്നു. മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളിലും 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീനയിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയിലുമാണ് പരിപാടി നടക്കുന്നത്. ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്റ്റ്) പാടും പാതിരി ഫാ:വില്‍സണ്‍ മേച്ചേരി (ഫ്‌ളവര്‍സ് ടിവി ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ ഗായകരും നര്‍ത്തകരും അണിനിരക്കുന്നു. 2018 മെയ് 25ന് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു 28 ന് ലണ്ടനില്‍ അവസാനിക്കും.

ജി വേണുഗോപാല്‍

1984 -ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ഗാന രംഗത്തു കടന്നുവന്ന ജി വേണുഗോപാല്‍ പിന്നീട് ഒരുപിടി ഇമ്പമാര്‍ന്ന ഗാനങ്ങള്‍ മലയാളചലച്ചിത്ര ഗാന ശാഖക്ക് സംഭാവന ചെയ്തിട്ടുണ്ട്. രാരീ രാരീരം രാരോ, ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, ഏതോ വാര്‍മുകിലിന്‍, താനെ പൂവിട്ട മോഹം തുടങ്ങിയ ഒരു നീണ്ട നിര ഗാനങ്ങള്‍ അദ്ദേഹത്തിന് കൈരളിക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു. മൂന്നു തവണ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും വേണുഗോപാലിനെ തേടിയെത്തിയിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ, ടിവി, നാടക, ലളിത, ഭക്തി ഗാന രംഗത്തും വേണുഗോപാലിന്റെ സംഭാവനകള്‍ നിരവധിയാണ്.

മൃദുല വാര്യര്‍

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവിലൂടെ മലയാള ചലച്ചിത്ര ഗാന രംഗത്തേക്ക് കടന്നു വന്ന ഗായികയാണ് മൃദുല വാര്യര്‍. കളിമണ്ണ് എന്ന ചിത്രത്തിലെ ‘ലാലീ ലാലീ’ എന്ന ഗാനമാണ് മൃദുലയെ വലിയൊരു പോപ്പുലര്‍ ഗായികയാക്കി തീര്‍ത്തത്. ഈ ഗാനത്തിലൂടെ 2014 -ലെ കേരള സ്റ്റേറ്റിന്റെ മികച്ച ഗായികയ്ക്കുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും നേടിയിട്ടുണ്ട്.

വൈഷ്ണവ് ഗിരീഷ്

വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ സിനിമ ഗാന രംഗത്തേക്ക് നടന്നു കയറിയ ഗായകനാണ് വൈഷ്ണവ് ഗിരീഷ്. ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2 വിലൂടെ തന്റെ പതിമൂന്നാമത്തെ വയസ്സില്‍ പ്രശസ്തനായ ഗായകനാണ് വൈഷ്ണവ് ഗിരീഷ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍

ഫ്‌ളവേര്‍സ് ടിവിയുടെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരിനര്‍ഹനായ ഒരു കാതോലിക്കാ പുരോഹിതനായ ഗായകനാണ് വില്‍സണ്‍ മേച്ചേരില്‍. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ഇദ്ദേഹം ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്

ഡോ : വാണി ജയറാം

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നു വന്ന മറ്റൊരു ഗായികയാണ് ഡോ: വാണി ജയറാം. യുകെ മലയാളികള്‍ക്ക് ഏറെ പരിചിതയുമാണ് ഡോ : വാണി ജയറാം.

കൂടാതെ കൊമേഡിയന്‍ സാബു തിരുവല്ല , മജീഷ്യന്‍ രാജമൂര്‍ത്തി തുടങ്ങിയവര്‍ കോമഡിയും മാന്ത്രിക വിദ്യയും വേണുഗോപാലിനോടൊപ്പം സംഗീതത്തില്‍ സന്നിവേശിപ്പിക്കുന്ന ഒരു മെഗാ ഷോ കൂടിയായിരിക്കും ‘വേണുഗീതം-2018’ ഒപ്പം യുകെയിലെ ഒരുപിടി അനുഗ്രഹീത നര്‍ത്തകര്‍ ഈ സംഗീതത്തോടൊപ്പം ചുവടുകള്‍ വെയ്ക്കുന്നു.

മലയാള ചലച്ചിത്ര ഗാനരംഗത്ത് 35 വര്‍ഷങ്ങള്‍ പിന്നിടുന്ന മലയാളത്തിന്റെ സ്‌നേഹ ഗായകന്‍ ജി വേണുഗോപാലിന് യുകെ മലയാളികള്‍ ആദരിക്കുന്ന ഒരു പരിപാടി കൂടെയായിരിക്കും ‘വേണുഗീതം-2018’. യുക്മ -ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 3യുടെ ഗ്രാന്‍ഡ് ഫിനാലേ കൂടി ആയിരിക്കും ‘വേണുഗീതം-2018’ നോടൊപ്പം ലെസ്റ്ററില്‍ അരങ്ങേറുക. യുകെ മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിച്ച കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര നയിച്ച ‘ചിത്രഗീതം ‘ സംഗീത കലാ വിരുന്നായിരുന്നു സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലെയെങ്കില്‍, പ്രശസ്ത ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടന്ന ‘നാദവിനീതഹാസ്യം’ ആയിരുന്നു സീസണ്‍ 2 ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ അരങ്ങേറിയത്. ഇതിനോടകം വന്‍ ജന പ്രീതിയാര്‍ജ്ജിച്ച യുക്മ-ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 3 യിലെ പ്രധാന വിധികര്‍ത്താവുകൂടിയായിരിക്കും ജി വേണുഗോപാല്‍.

മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ ‘വേണുഗീതം-2018’ ന് ആതിഥേയത്വം വഹിക്കുന്നത് സ്‌കോട്‌ലന്‍ഡിലെ യുണൈറ്റഡ് സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷനും(USMA) 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീനയില്‍ UUKMAയും, 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയില്‍ ലണ്ടന്‍ മലയാളി കമ്മ്യൂണിറ്റിയും ആതിഥേയരാകും. നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാ ഷോ ‘ വേണുഗീതം-2018’ യുകെയിലെ മലയാളികള്‍ക്ക് ഒരു നവ്യാനുഭവം തന്നെ ആയിരിക്കും. ഈ മെഗാ ഷോയിലേക്ക് യൂകെയിലെ മലയാളികളായ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.