സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പൊലീസ് നിലപാട്. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല.
അതേസമയം, ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരിയായ യുവതി പൊലീസിനെ സമീപിച്ചു. വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുമെന്നതിനാലുമാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയതെന്ന് യുവതി അറിയിച്ചു. ഈ പരാതിയുടെ വിശദാംശങ്ങൾ തേടി ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.











Leave a Reply