തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും മിന്നും വിജയം. മിക്ക കൗണ്‍സിലുകളിലും കണ്‍സര്‍വേറ്റീവുകള്‍ ഏറെക്കുറെ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാനായത്. ഗ്രീന്‍ പാര്‍ട്ടി അപ്രതീക്ഷിതമായി പലയിടത്തും ജയിച്ചു കയറിയത് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയായി. അതിനിടെ ഇത്തവണ ഏറ്റവും കൂടുതല്‍ മലയാളികള്‍ മത്സരിക്കാന്‍ കളത്തില്‍ ഇറങ്ങിയിട്ടും വിജയം ചൂണ്ടയിട്ട് പിടിച്ചത് രണ്ടു പ്രധാന സ്ഥാനാര്‍ത്ഥികളെ മാത്രമാണ്. ആഷ്ഫോര്‍ഡ് ബറോയില്‍ മത്സരിക്കാന്‍ ഇറങ്ങിയ സോജന്‍ ജോസഫും നീണ്ട കാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന നോര്‍ഫോള്‍കിലെ ബിബിന്‍ ബേബിയുമാണ് ജയിച്ചു കയറിയത്. എന്നാല്‍ മലയാളികള്‍ക്കിടയില്‍ പൊടുന്നനെ സ്ഥാനാര്‍ഥി കുപ്പായം തയ്പ്പിച്ചു എത്തിയ പലര്‍ക്കും നല്ല പ്രകടനം പോലും കാഴ്ചവയ്ക്കാന്‍ ആയില്ലെന്നു പോളിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സോജനൊപ്പം മത്സര രംഗത്ത് അതേ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ത്ഥി ആയി രംഗത്ത് വന്ന റീന മാത്യു വെറും പത്തു വോട്ടിനാണ് പരാജയപ്പെട്ടത്. ഒന്നാമനായി ജയിച്ചു കയറിയ സോജന്‍ 332 വോട്ട് കരസ്ഥമാക്കിയപ്പോള്‍ രണ്ടാമനായി ജയിച്ച ഗ്രീന്‍ പാര്‍ട്ടിയിലെ അര്‍ണോള്‍ഡിനു 297 വോട്ടും ലഭിച്ചു. എന്നാല്‍ 287 വോട്ടോടെ റീനക്ക് മൂന്നാം സ്ഥാനം പിടിക്കാനേ കഴിഞ്ഞുള്ളു. ആകെ എട്ടു സ്ഥാനാര്‍ത്ഥികളാണ് ഈ സീറ്റില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നത്. നാലാം സ്ഥാനത്തു ഗ്രീന്‍ പാര്‍ട്ടിയിലെ പിസി തോമസ് എത്തിയപ്പോള്‍ അഞ്ചും ആറും സ്ഥാനം പിടിച്ചത് ആഷ്ഫോര്‍ഡ് ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാണ്.

സോജന്‍ ജയിച്ചു കയറിയ സീറ്റ് കണ്‍സര്‍വേറ്റീവില്‍ നിന്നും പിടിച്ചെടുക്കുക ആയിരുന്നു. ഈ പ്രദേശത്തു ജയിച്ചു കയറിയ ബ്രിട്ടീഷ് വംശജന്‍ അല്ലാത്ത ഏക വ്യക്തിയാണ് സോജൻ. മുന്‍പും 2021ലെ തിരഞ്ഞെടുപ്പില്‍ സോജന്‍ മത്സരിച്ചിട്ടുണ്ടെങ്കിലും അന്ന് ഭാഗ്യം തുണയ്ക്കാഞ്ഞതിനു മറുപടിയായി ഇന്നലെ തിളക്കമാര്‍ന്ന വിജയം. ഈ വിജയത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ പടരുന്ന ടോറികളോടുള്ള എതിര്‍പ്പ് വ്യക്തമാണ്.
സോജന്‍ മത്സരിച്ച അയേഴ്സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റെയര്‍ സീറ്റില്‍ വ്യക്തിപരമായ വോട്ടുകളാണ് കൂടുതലും വീണത്. ഇതോടെ സോജനൊപ്പം ഗ്രീന്‍ പാര്‍ട്ടിയിലെ അര്‍ണോള്‍ഡ് ആല്‍ബര്‍ട്ടാണ് വിജയിച്ചത്. ഇതോടെ പാനല്‍ വോട്ടുകളല്ല ഈ സീറ്റില്‍ വിജയികളെ നിര്‍ണയിച്ചത് എന്നാണ് വ്യക്തമാക്കുന്നത്. ഗുരുതരമായ രോഗത്തെ കീഴടക്കാന്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ഓടിത്തുടങ്ങിയ സോജന്‍ ആ ഓട്ടം എത്തിച്ചത് നിരവധി ദേശീയ, അന്താരാഷ്ട്ര മാരത്തോണ്‍ വേദികളാണ്. ഇതോടെ പ്രദേശത്തെ മലയാളികളുടെ ഹീറോയുമാണ് സോജന്‍. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ ആയി നിരവധി വാര്‍ത്തകളിലൂടെ സോജന്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ചിരപരിചിതനുമാണ്.

കഴിഞ്ഞ തവണ 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടത്തിയ മലയാളി സ്ഥാനാര്‍ഥി ആയിരുന്നു ഇപ്പോള്‍ നോര്‍ഫോക്കില്‍ ജില്ലാ സീറ്റില്‍ ജയിച്ചു കയറിയ ബിബിന്‍. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയി നോര്‍ഫോള്‍കിലെ ബ്രോഡ്ലാന്‍ഡ് സീറ്റിലാണ് ബിബിന്‍ ജയിച്ചു കയറിയത്. ഇത്തവണ കൂടുതല്‍ ജയസാധ്യതയുള്ള സീറ്റ് ലഭിച്ചതോടെ പ്രചാരണ ഘട്ടത്തില്‍ തന്നെ ഏകദേശം വിജയം ഉറപ്പിച്ചാണ് ബിബിന്‍ മുന്നേറിയത്. ലേബര്‍ പാര്‍ട്ടിയുടെ പാനല്‍ വോട്ടുകളുടെ കരുത്തും ബിബിന് തുണയായതായി വിലയിരുത്തപ്പെടുകയാണ്. ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ എതിരാളികളായ ടോറികളേക്കാള്‍ നൂറുകണക്കിന് വോട്ടില്‍ മുന്നേറാനും ഇവിടെ ലേബറിന് കഴിഞ്ഞു. ആദ്യ കാലങ്ങളില്‍ ഒഐസിസി യുകെയുടെ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ മികവ് കാട്ടിയാണ് ബിബിന്‍ യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെട്ടു തുടങ്ങിയത്. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് ബിബിന്‍.

എന്‍എച്ച്എസ് ജീവനക്കാരനായ നോര്‍വിച്ചിലെ ബിബിന്‍ കുഴിവേലി കോവിഡ് കാലത്തേ സര്‍ക്കാര്‍ പരാജയം എടുത്തുകാട്ടിയാണ് 2021ല്‍ മത്സരിക്കാന്‍ ഇറങ്ങിയത്. സ്വാഭാവികമായും മലയാളികളുടെ കൂടി പിന്തുണയോടെ വീട് കയറിയിറങ്ങി പ്രചാരണം നടത്താനും ബിബിനായി. കൗണ്ടി സീറ്റിനൊപ്പം പാരിഷ് കൗണ്‍സിലേക്കും ബിബിന്‍ മത്സരിച്ചിരുന്നു. ഇതിൽ പരാജയപ്പെട്ടെങ്കിലും അതില്‍ നിന്നും ഊര്‍ജം കണ്ടെത്തിയാണ് നോര്‍വിച്ചില്‍ മലയാളി സമൂഹത്തിനു ബിബിന്‍ അഭിമാനമായി മാറുന്നത്.