കോവിഡ് ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ബ്രിട്ടനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ യുകെയില്‍ കുടുങ്ങിയിരിക്കുന്നത്. ആതുരസേവന സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് അതിജീവനത്തിന് ആശ്രയം. എന്നാല്‍ ഈ സംഘടനകള്‍ തുടര്‍ന്ന് ഭക്ഷണം നല്‍കാന്‍ കഴിയുന്ന നിലയിലല്ല. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടമായിക്കഴിഞ്ഞു.

യുകെയിലെ വിവിധ സ്റ്റുഡന്റ്‌സ് ഗ്രൂപ്പുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ചാരിറ്റബിള്‍ സംഘടനകളുമായും ബന്ധപ്പെട്ട് അടിയന്തരമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതായി ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പറയുന്നു. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുമിനി യൂണിയനും ഭക്ഷണമെത്തിക്കുന്നുണ്ട്്. പലരും ശരിക്കും പട്ടിണിയില്‍ തന്നെയാണെന്ന് സേവാ ട്രസ്റ്റ് എന്ന സംഘടനയുടെ ചരണ്‍ സെഖോണ്‍ പറയുന്നു. യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളില്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട്്, ഈലിംഗ് സൗത്താളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ, വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ് കത്ത് നല്‍കിയിരുന്നു. 2018-19ലെ കണക്ക് പ്രകാരം 270000ത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.