ഹവായില്‍ ഹോണാലുലുവിലുള്ള ഒരു വീടിന്റെ മുകളില്‍ നിന്നുകൊണ്ട് ബേസ്‌ബോള്‍ തട്ടിക്കളിക്കുന്നതിനിടെ താഴേക്കു വീണയാള്‍ അതിനപ്പുറത്തുള്ള കെട്ടിടത്തിനും അയാള്‍ നിന്ന കെട്ടിടത്തിനും ഇടയിലുള്ള വിടവിലേക്കാണ് വീണത്. 10 അടി താഴത്തേക്ക് പോയെങ്കിലും ഭിത്തികള്‍ക്കിടയില്‍ കുരുങ്ങി നിന്നതിനാല്‍ അയാള്‍ താഴെയും എത്തിയില്ല, ആ വിടവിനാകട്ടെ 10 ഇഞ്ച് വിസ്താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും! 55-കാരനായ മൈക്കിനാണ് ഈ ദുര്‍ഗതി ഉണ്ടായത്. ഇയാള്‍ക്ക് സ്വന്തമായി വീടും കുടിയുമൊന്നുമില്ലാത്തയാളാണെന്ന് പറയപ്പെടുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ നാട്ടുകാര്‍ അഗ്നിശമന സേനയുടെ സഹായം തേടി.
അവരെത്തി ആദ്യം മുകളില്‍ നിന്ന് ഒരു കയര്‍ ഇട്ടു കൊടുത്ത് മൈക്കിനോട് അതില്‍ പിടിച്ചു കയറി വരുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു ഭിത്തികള്‍ക്കിടയില്‍ അമര്‍ന്ന് ഇരുന്നതിനാല്‍ അയാള്‍ക്ക് അനങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അഗ്നിശമനസേന ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഭിത്തി തുരന്ന് അയാളെ അതിലൂടെ പുറത്തെടുക്കുവാന്‍ അവര്‍ തീരുമാനിച്ചു. നല്ല കനത്തിലുളള കോണ്‍ക്രീറ്റ് ഭിത്തി തുരക്കുന്നത് ശ്രമകരമായ കാര്യമായിരുന്നു. അതിനായി അവര്‍ ജാക്ക് ഹാമ്മര്‍ , സര്‍ക്കുലര്‍ സോ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മൈക്ക് പേടിച്ച് അലറാന്‍ തുടങ്ങി. ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദവും അതില്‍ നിന്ന് ചിതറിത്തെറിക്കാനിടയുള്ള കോണ്‍ക്രീറ്റ് കഷണങ്ങളെ കുറിച്ചുള്ള ചിന്തയുമൊക്കെ മൈക്കിനെ ഭയചകിതനാക്കി.
ആ ടൈല്‍ പതിച്ച ഭിത്തിക്കപ്പുറം കോണ്‍ക്രീറ്റ് ചെയ്ത ചുവരും റീബാറുമുണ്ടായിരുന്നു. ഇവയെല്ലാം തുരന്നെങ്കില്‍ മാത്രമേ മൈക്ക് നില്‍ക്കുന്നതിനടുത്ത് എത്തുമായിരുന്നുള്ളൂ എന്ന് ഹോണാലുലു ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് ക്യാപ്റ്റന്‍ ആല്‍ബെര്‍ട്ട് മക്കെല്ലാം പറഞ്ഞു. ആ കെട്ടിടത്തില്‍ വാടകയ്ക്കു താമസിക്കുന്നയാളാണ് മൈക്ക് അവിടെ നിന്ന് ബേസ്‌ബോള്‍ തട്ടിക്കളിക്കുന്നതു കണ്ട് അയാളോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടാനായി സെക്യൂരിറ്റിയെ വിളിച്ചത്. താന്‍ എത്തുമ്പോഴേയ്ക്കും ഒരു നീളന്‍ കമ്പ് ഉപയോഗിച്ച്, ആ വിടവിലേക്ക് വീണു പോയ പന്തെടുക്കാനായി മൈക്ക് ശ്രമിച്ചു കൊണ്ടിരിക്കയായിരുന്നെന്നും താന്‍ അടുത്തെത്തുമ്പോഴേക്കും അയാളും വിടവിലേക്ക് വീണു കഴിഞ്ഞിരുന്നുവെന്നും സെക്യൂരിറ്റിക്കാരന്‍ പിന്നീട് പറഞ്ഞു.
ഏതായാലും മൈക്കിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലെ സുരക്ഷയെ കുറിച്ച് അടുത്തയാഴ്ച നിരീക്ഷണം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയാണ് അധികൃതര്‍. മൈക്ക് സദാസമയവും ആ പരിസരങ്ങളിലൊക്കെ തന്നെ കാണുമെന്നും ഇങ്ങനെയുള്ളവരെ ആദ്യം നീക്കം ചെയ്യണമെന്നും അടുത്തുള്ള ഒരു റസ്റ്റോറന്റുടമ അരിശത്തോടെ പറഞ്ഞു. അല്ലെങ്കില്‍ നാം നികുതിയടക്കുന്ന പണം ഇത്തരക്കാര്‍ വരുത്തിവയ്ക്കുന്ന ഇത്തരം മെനക്കേടുകള്‍ക്ക് ചെലവാക്കേണ്ടി വരും എന്ന് അയാള്‍ രോഷം കൊണ്ടു!
Leave a Reply