ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ മകനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അരൂർ മേഴ്സി സ്കൂളിൽവെച്ചാണ് ക്ലാസ് മുറിയിൽ അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ തല്ലിയത്. രക്ഷിതാക്കളുടെ മീറ്റിങ്ങിനിടെയായിരുന്നു സംഭവം. മാർക്ക് കുറഞ്ഞതിന് അധ്യാപികയോട് കയർക്കുകയും, പിന്നീട് മകനെ അച്ഛൻ തല്ലുകയും ചെയ്യുന്ന വീഡിയോ പിൻനിരയിൽ ഇരുന്ന ആരോ മൊബൈലിൽ പകർത്തുകയായിരുന്നു.
വീഡിയോയുടെ തുടക്കം മുതലേ വിദ്യാർഥിയുടെ പിതാവ് ദേഷ്യത്തോടെ അധ്യാപികയോട് സംസാരിക്കുന്നത് കാണാം. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അന്വേഷിച്ച് ഇയാൾ അധ്യാപികയോട് തട്ടിക്കയറി. പ്രിൻസിപ്പലിനെ വിളിക്കാനും ഇയാൾ ആക്രോശിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അധ്യാപിക, വിദ്യാർഥിയോട് തിരക്കുന്നതിനിടെയാണ് ക്ലാസ് മുറിയിലെ മുൻനിരയിൽ ഇരുന്ന അച്ഛൻ ചാടി എഴുന്നേറ്റ് മകന്‍റെ മുഖത്ത് അടിക്കുന്നത്. ക്ലാസ് ടെസ്റ്റിന്‍റെ പേപ്പർകൊണ്ട് മുഖംമറച്ചുനിന്ന് കുട്ടിയെയാണ് അച്ഛൻ തല്ലിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അച്ഛനെതിരെ രൂക്ഷവിമർശനവുമായി കമന്റുകൾ വന്നു. ഒടുവിൽ പൊലീസും ചൈൽഡ് ലൈനും സംഭവത്തിൽ ഇടപെട്ടു. നിയമനടപടി തുടങ്ങിയതായി അധികൃതർ പറയുന്നു.
സംഭവം സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ വിശദീകരണവുമായി കുട്ടിയുടെ അച്ഛനും അരൂർ സ്വദേശിയുമായ സതീശൻ പൈ രംഗത്തെത്തി. മകനെ ഏറെ സ്നേഹിക്കുന്നയാളാണെന്നും ദേഷ്യം നിയന്ത്രിക്കാനാകാത്ത നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റാണെന്നുമാണ് ഇയാൾ പറയുന്നത്. ഒരു മാസം മുമ്പ് ക്ലാസ് ടെസ്റ്റിൽ കുട്ടിക്ക് മാർക്ക് കുറഞ്ഞപ്പോൾ സ്കൂളിലെത്തി മകനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. വീണ്ടും മാർക്ക് കുറഞ്ഞതോടെയാണ് സ്കൂളിലെത്തി അധ്യാപികയോട് വിവരം തിരക്കിയത്. സംസാരത്തിനിടയിൽ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്ന ഘട്ടത്തിലാണ് മകനെ തല്ലിയതെന്നും ഇയാൾ പറയുന്നു. വർഷം 75000 രൂപയോളം ഫീസ് നൽകിയാണ് മകനെ പഠിപ്പിക്കുന്നതെന്നും ഇയാൾ പറയുന്നു.
Leave a Reply