പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പ് രീതിയിൽ വീട്ടിലേക്കു വിളിച്ചുവരുത്തി ദമ്പതികൾ ചേർന്ന് മർദിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ. പ്രതി രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തത് മനസ് മരവിപ്പിക്കുന്ന 10 മർദ്ദന വിഡിയോകൾ. സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഭർത്താവ് ജയേഷിന്റെ ഫോണിൽ ചിത്രീകരിച്ച മറ്റു ദൃശ്യങ്ങൾ ഇപ്പോഴും പൊലീസിന് ലഭിച്ചിട്ടില്ല. ജയേഷ് ഫോൺ പാസ്വേഡ് വെളിപ്പെടുത്താൻ വിസമ്മതിക്കുന്നതിനാൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണത്തിൽ സഹകരിക്കുമ്പോഴും ജയേഷ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. യുവാക്കൾ രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടും ജയേഷ് തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും പൊലീസ് പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ 19 കാരന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി. ഇരുവരെയും 24 വരെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Leave a Reply