ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യക്കെതിരെ വിജിലന്‍സ് കുറ്റപത്രം. കൊച്ചി ചിലവന്നൂര്‍ കായല്‍ കൈയ്യേറി നിര്‍മ്മാണങ്ങള്‍ നടത്തിയെന്നാണ് കേസ്സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എറണാകുളം വിജിലന്‍സ് യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആറ് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരേയും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് നടപടി. ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടന്‍ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ഇത് കണ്ടെത്തുകയും കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നുമാണ് പരാതി.

ജയസൂര്യയും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവരും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണു കുറ്റപത്രം. 2013ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. സംഭവം നടന്നത് എറണാകുളം ജില്ലയില്‍ ആയതിനാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.