സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തി. വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് തീരുമാനം. സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു.

സന്ദീപാനന്ദ ഗിരിക്ക് മുന്‍പുണ്ടായ ഭീഷണികളേപ്പറ്റി സന്ദീപാനന്ദയില്‍ നിന്ന് പൊലീസ് ഇന്ന് വിശദമായ മൊഴിയെടുക്കും. പ്രദേശവാസികളെ ഉള്‍പ്പടെ ചോദ്യം ചെയ്യുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്

വളരെയേറെ ആസൂത്രണത്തിന് ശേഷം നടപ്പാക്കിയ പദ്ധതിയാണ് ആശ്രമം ആക്രമണമെന്നാണ് പൊലീസ് കരുതുന്നത്. പ്രഥമദൃഷ്്ട്യ കണ്ടെത്താകുന്ന ഒരു തെളിവുകളും പൊലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോളും ആക്രമികളുടെ ഒരു ദൃശ്യങ്ങളോ മൊഴികളോ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. മൊബൈല്‍ ടവറിന് കീഴില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും വിശദാശംങ്ങള്‍ പൊലീസ് ശേഖരിച്ചു.

പുറമേ നിന്നുള്ളവരുടെ സാന്നിധ്യം ആ പ്രദേശത്തുണ്ടായിരുന്നോ എന്നാതാണ് പരിശോധിക്കുന്നത്. സംശയമുള്ളവരുടെ വിവരങ്ങളും നേരത്തേ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും സന്ദീപാനന്ദ പൊലീസിനും കൈമാറും. സന്ദീപാനന്ദയുടെ വിശദമായ മൊഴി എടുത്തശേഷമാകും അന്വേഷണത്തില്‍ സ്വീകരിക്കേണ്ട പുതിയ മാര്‍ഗങ്ങള്‍ തീരുമാനിക്കുക. സി.സി.ട.വി ദൃശ്യങ്ങള്‍ ഒരു തവണ പരിശോധിച്ചെങ്കിലും ഒരു തവണ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം