എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലായിരുന്നു പരിശോധന.
പത്തനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ 11,500 രൂപയും കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ മുഖേന 93,000 രൂപ എത്തിയത് ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനില്‍നിന്ന് 2600 രൂപ പിടിച്ചെടുത്തു.
വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശൗചാലയത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരുള്ള കവറിനുള്ളില്‍ 13,000 രൂപ ഒളിപ്പിച്ചുവെച്ചതായും പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ അഞ്ചുകുപ്പി മദ്യം ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങിസൂക്ഷിച്ചതായും കണ്ടെത്തി.
പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഷാപ്പുടമയില്‍നിന്ന് 24,000 രൂപയും മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍നിന്ന് 34,000 രൂപയും ഗൂഗിള്‍ പേ മുഖേന വാങ്ങിയതും കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍നിന്ന് പാരിതോഷികമായി വാങ്ങിസൂക്ഷിച്ച 16 കുപ്പി മദ്യം പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ബാറുടമയില്‍നിന്ന് 8000 രൂപ ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായും കണ്ടെത്തി.
വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കല്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സുകാരെക്കണ്ട് എക്‌സൈസ് ഉദ്യോഗസ്ഥന്‍ 6500 രൂപ വലിച്ചെറിഞ്ഞു. കാസര്‍കോട്ട് ഉദ്യോഗസ്ഥനില്‍നിന്ന് കണക്കില്‍പ്പെടാത്ത 5000 രൂപ പിടിച്ചെടുത്തു.
Leave a Reply