പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ആരോപണവിധേയനായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വൈകില്ല. പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്ന ദിവസമായ നാളെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിജിലന്‍സ് അന്വേഷണസംഘം നല്‍കുന്ന സൂചന.

ചോദ്യം ചെയ്യലിനായി ക്രിമിനല്‍ നടപടി ചട്ടം 41 എ പ്രകാരം നോട്ടിസ് നല്‍കി വിളിച്ചുവരുത്തുന്ന ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് ധാരണ. അറസ്റ്റില്‍ മാധ്യമങ്ങളെ അറിയിച്ചുളള നാടകീയത വേണ്ടെന്നും അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴിമതി കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കാകുന്നത്.

മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിര്‍മ്മാണകരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതെന്നാണ് സൂരജ് കോടതിയെയും അന്വേഷണഉദ്യോഗസ്ഥരെയും അറിയിച്ചിരിക്കുന്നത്. ഇക്കാര്യം മാധ്യമങ്ങളോടും സൂരജ് വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്‌തെ മതിയാകൂ. അല്ലാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇക്കാര്യം വിജിലന്‍സ് മേധാവിയെ അറിയിച്ചപ്പോഴും സമാന പ്രതികരണമായിരുന്നു. ഇനി വേണ്ടത് രാഷ്ട്രീയ അനുമതിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയോടെ അനുമതി നല്‍കിയതായാണ് സൂചന. ഉചിതമായ സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റിലേക്ക് പോകാമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അറസ്റ്റിനിടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം സൃഷ്ടിച്ച് തിരിച്ചടി ഉണ്ടാക്കരുതെന്നും നിര്‍ദ്ദേശിച്ചുണ്ട്. അഴിമതി നടത്തിയത് എത്ര ഉയര്‍ന്ന വ്യക്തിയാണെങ്കിലും തടസമല്ലെന്നും അന്വേഷണ സംഘത്തിന് ആരും കൂച്ചുവിലങ്ങിട്ടിട്ടില്ലെന്നുമുളള മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണങ്ങള്‍ ഇതിന്റെ സൂചനയാണെന്നും പറയപ്പെടുന്നു.

അറസ്റ്റിന് പര്യാപ്തമായ സാഹചര്യം ഒരുങ്ങിയിട്ടും രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്ന തടസം. പാല ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയുടെ എം.എല്‍.എയും മുന്‍മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉണ്ടായാല്‍ അത് തിരിച്ചടിയാകുമോയെന്ന് ഭരണനേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ് പ്രചാരണം കിഫ്ബിയെ സംബന്ധിച്ച അക്ഷേപങ്ങളിലും ശബരിമല വിഷയത്തിലും കേന്ദ്രീകരിച്ചപ്പോള്‍ ആദ്യം സര്‍ക്കാരിന്റെ വികസനനേട്ടങ്ങളില്‍ മാത്രം ഊന്നിയ ഇടതുമുന്നണി പാലാരിവട്ടം പാലം അഴിമതിയിലേക്ക് പ്രചാരണത്തെ മാറ്റി.

ശബരിമലയില്‍ തെറ്റ് പറ്റിയോ ഇല്ലയോ എന്ന് പാലായുടെ മണ്ണില്‍വെച്ച് തുറന്നുപറയാന്‍ ആവശ്യപ്പെട്ട എ.കെ ആന്റണിയുടെ വെല്ലുവിളിക്കുപോലും മറുപടി കൊടുക്കാതെയാണ് മുഴുവന്‍ശ്രദ്ധയും പാലാരിവട്ടം അഴിമതിയിലേക്ക് മാറ്റി. ഇതിനിടെ ഉണ്ടായ സൂരജിന്റെ വെളിപ്പെടുത്തലും ഹൈകോടതിയുടെ പഞ്ചവടിപ്പാലം പരാമര്‍ശവും ഇടത് പ്രചാരണത്തിന് ബലമേകി. ഇതോടെയാണ് അറസ്റ്റിലേക്ക് പോകാനുളള ആത്മവിശ്വാസം ഭരണനേതൃത്വത്തിനും വന്നത്. സാഹചര്യങ്ങള്‍ ഒരിക്കല്‍ക്കൂടി വിലയിരുത്തിയേ അറസ്റ്റിനുളള അന്തിമതീരുമാനം ഉണ്ടാകുയെന്നും ഭരണതലപ്പത്തുളളവര്‍ പറഞ്ഞു.