സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ തമിഴ് സൂപ്പര്‍ താരം വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴക്കം എന്നാണ് പാര്‍ട്ടിയുടെ പേര്. ലോക്‌സഭാ തെരെഞ്ഞടുപ്പിന് തൊട്ടുമുന്‍പായാണ് വിജയ് യുടെ ആരാധന സംഘടനയായ വിജയ് മക്കള്‍ ഇയക്കം പാര്‍ട്ടി രൂപീകരിച്ചത്.
വിജയ് തന്നെ തന്റെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചത്. വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. തെരെഞ്ഞടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പാര്‍ട്ടിയുടെ പേരും മറ്റും വിവരങ്ങളും പുറത്തുവിട്ടത്.
കൂടാതെ ഈ മാസം ആദ്യ ആഴ്ച തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക പതാകയും പുറത്തിറക്കും. തമിഴ്‌നാട്ടില്‍ വന്‍ ആരാധക വൃന്ദമുളള താരമാണ് വിജയ്. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരത്തിന്റെ ആരാധന സംഘടനയായ വിജയ് മക്കള്‍ ഇയക്കം പങ്കെടുക്കാറുണ്ട്.
”രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയര്‍ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാന്‍ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എന്റെ അഗാധമായ ആഗ്രഹം. അതില്‍ പൂര്‍ണ്ണമായി ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിജയ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായിട്ടുളള പ്രവര്‍ത്തനമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. തൂത്തുക്കുടി സന്ദര്‍ശനത്തിനുശേഷം തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറിന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം വിവിധ രാഷ്ട്രീയ പരിപാടികളില്‍ സജീവമാണ്. കൂടാതെ തമിഴ്‌നാട് തദ്ദേശ തെരെഞ്ഞടുപ്പിലും ഈ സംഘടന മത്സരിച്ചിരുന്നു.
Leave a Reply