താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് അവധിയെടുക്കാനൊരുങ്ങി ജനറല്‍ സെക്രട്ടറിയായ നടന്‍ ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM

ഇതില്‍ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ മോഹന്‍ലാല്‍ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു. ഇടവേള ബാബുവും ചേര്‍ന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാന്‍ ഒരുങ്ങിയത്.

ഇന്ന് നടന്ന ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.