നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കും. മേയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനല്‍ അവധി.
പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വിരോധമാണെന്നും, ബ്ലാക്ക് മെയിലിങ്ങാണ് ലക്ഷ്യമെന്നുമാണ് വിജയ് ബാബുവിന്റെ വാദം. അതേസമയം വിജയ് ബാബു ദുബായിലേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. എല്ലാ സിനിമാ സംഘടനകളില്‍നിന്നും വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിനിമയില്‍ അവസരംതേടി നടിയാണ് അടുപ്പം സ്ഥാപിച്ചത്. കൃത്യമായ ഓഡിഷനിലൂടെ സിനിമയില്‍ അവസരം നല്‍കി. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്കാരി ലക്ഷ്യമിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് പ്രശ്നം തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്. അതേസമയം വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഇരുപത്തിരണ്ടിന് പരാതി വന്നതിന് പിന്നാലെ വിജയ് ബാബു ഗോവയിലേക്ക് കടന്നിരുന്നു. 24ന് ബെംഗളൂരുവില്‍നിന്ന് ദുബായിലേക്ക് പോയി.
സാക്ഷികളുടെ മൊഴിയെടുപ്പും പരിശോധനകളും പുരോഗമിക്കുകയാണ്. ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും പരാതിയിലെ കാര്യങ്ങള്‍ സാധൂകരിക്കുന്നതാണെന്ന് പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.
എല്ലാ സിനിമാ സംഘടനകളില്‍നിന്നും വിജയ് ബാബുവിന്റെ അംഗത്വം റദ്ദാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ ആള്‍ക്കൂട്ട ആക്രമണത്തിനാണ് തുടക്കമിട്ടത്. സമൂഹമാധ്യമ ആക്രമണം നിയമപരമായി അവസാനിപ്പിക്കാന്‍ വനിതാകമ്മീഷനും സൈബര്‍ പൊലീസും നടപടിയെടുക്കണം. സിനിമാമേഖലയില്‍നിന്ന് ആരും പ്രതികരിക്കാന്‍ തയാറാവുന്നില്ലെന്നും ഡബ്ല്യുസിസി വിമര്‍ശിച്ചു.
Leave a Reply