യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. വിദേശത്തേക്ക് കടന്നശേഷം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ പാടില്ലായിരുന്നു, പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണം തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാകും സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുക. ഇതുസംബന്ധിച്ച് സുപ്രീംകോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലും സര്‍ക്കാര്‍ അഭിഭാഷകരും കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. അടുത്തദിവസം തന്നെ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചില്‍ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം.
കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തശേഷമാണ് പ്രതി വിദേശത്തേക്ക് കടന്നത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. അതിനാല്‍ ഇത്തരമൊരു ഹര്‍ജി പരിഗണിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ കോടതി ഹര്‍ജി പരിഗണിക്കുക മാത്രമല്ല, അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും ഇറക്കി. ഇത് നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. കഴിഞ്ഞദിവസം മറ്റൊരു കേസില്‍ കുവൈത്തിലേക്ക് കടന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ച കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കും.
അതേസമയം, തുടര്‍ച്ചയായ മൂന്നാംദിവസവും വിജയ് ബാബു പോലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരായി. കഴിഞ്ഞ രണ്ടുദിവസവും വിജയ് ബാബുവുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജൂലായ് മൂന്നാം തീയതി വരെ പോലീസിന് മുന്നില്‍ ഹാജരാകണമെന്നാണ് വിജയ് ബാബുവിന് ഹൈക്കോടതി നല്‍കിയ നിര്‍ദേശം.
Leave a Reply