തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി അടൂരിലെ വില്ലേജ് ഓഫീസർക്ക് ദാരുണമരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശേഷം കലയുടെ ഭർത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല. പിന്നീട് അധികൃതർ ആരോഗ്യനില വഷളായെന്നും ഹൃദയാഘാതം സംഭവിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു.

ഏറെ കാത്തിരുന്ന ശേഷമാണ് കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതും. ശനിയാഴ്ച പത്തരയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം ആദ്യം ചികിത്സിച്ച ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആദ്യം ചികിത്സിച്ച ആശുപത്രിയുടെ വിശദീകരണം.

അടൂരുകാരുടെ സ്വന്തം ‘വില്ലേജമ്മ’ ആയിരുന്നു. നാട്ടുകാരുടെ ഏതു ആവശ്യത്തിനും സഹായവുമായി മുന്നിൽ നിന്ന കലയുടെ വിയോഗം ഈ നാടിന് ഇനിയും വിശ്വസിക്കാനാകുന്നില്ല. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായാണ് അടൂരിലെ വില്ലേജ് ഓഫീസറായിരുന്ന കല മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു കലയെന്ന് നാട്ടുകാർ ഓർക്കുന്നു. പ്രളയ സമയത്ത് രാവും പകലും ആളുകൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു.

വില്ലേജിൽ എത്തുന്നവരെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നു സഹപ്രവർത്തകരും പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം.

അടുപ്പമുള്ളവർ ‘വില്ലേജമ്മ’ എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം തീരാനഷ്ടമാണെന്ന് ഇവർ പറയുന്നു. ജനിച്ചതും വളർന്നതും അടൂർ ചേന്നംപള്ളി മലമേക്കരയിലായതിനാൽ ധാരാളം സുഹൃത്തുക്കൾ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. ചെന്നീർക്കര വില്ലേജ് ഓഫീസർ ആയിരിക്കുമ്പോൾ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വ്യക്തത്വമായിരുന്നു കലയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പം കലയപുരത്തായിരുന്നു ഇവരുടെ താമസം.