ജയ്പൂർ∙ കേസ് അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതന്റെ വീട്ടിലെത്തി ഭാര്യയെ പീഡിപ്പിച്ചെന്നാരോപിച്ച് എഎസ്ഐയെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഛന്ദേരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. പരാതിക്കാരിയായ സ്ത്രീയോട് ലൈംഗിക വേഴ്ച ആവശ്യപ്പെട്ടതിന്റെ പേരിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അറസ്റ്റിലായി ഒരാഴ്ച പിന്നിടുമ്പോഴാണു സംസ്ഥാന പൊലീസിനു മാനക്കേടായി പുതിയ കേസ് ഉയർന്നിരിക്കുന്നത്.
എരുമയെ മോഷ്ടിച്ചെന്നു കാട്ടി സഹോദരൻ നൽകിയ കേസിലെ പ്രതിയായ ആളുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. കേസ് ഒത്തു തീർപ്പാക്കാൻ എഎസ്ഐ ശ്യാം ലാൽ സുഖ്‍വാൽ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും തുക കൈപ്പറ്റാനും അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കാനുമായി വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നുമാണു സ്ത്രീയുടെ പരാതി. ഇതേ തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് എംഎസ്ഐയെ മരത്തിൽ കെട്ടിയിടുകയായിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയാണു മോചിപ്പിച്ചത്.
അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ തന്നെ ഒരു കൂട്ടം ആളുകൾ ചേർന്നു തടഞ്ഞുവയ്ക്കുകയും െകട്ടിയിടുകയുമായിരുന്നുവെന്നാണു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. ഇരു കൂട്ടരും പരാതികൾ നൽകിയതോടെ സുഖ്‍വാലിനെ സ്ഥലം മാറ്റി. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് ചിത്തോർഗഡ് എസ്പി അറിയിച്ചു.
Leave a Reply