കൊച്ചി: പത്രക്കാരെ പൊളിച്ചടുക്കി വിനായകന്‍. മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിനായകന്‍ തുറന്നുപറയുന്നു, താന്‍ പുലയനാണ്, ഒരു അയ്യങ്കാളി ചിന്തയുള്ളവന്‍ ആണ്, പിന്നോട്ട് വലിക്കാനുള്ള പല ശ്രമങ്ങളെയും താന്‍ അവഗണിച്ചാണ് മുന്നോട്ട് എത്തിയിട്ടുള്ളതെന്ന്. അപകര്‍ഷതാ ബോധം തന്നെ ഒരിക്കലും തീണ്ടിയിട്ടില്ലെന്നും തന്റെ ജാതി,മതം,നിറം തുടങ്ങിയ എല്ലാ പിന്തിരിപ്പന്‍ സംഭവങ്ങളേയും തുടച്ചുകളഞ്ഞാണ് താന്‍ മുന്നോട്ട് വന്നിട്ടുള്ളതെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ വിനായകന്‍ മനസ് തുറന്നു.
‘കമ്മട്ടിപ്പാടം വെറും ഒരു കഥയല്ല. എന്റെ തന്നെ ജീവിതമാണ്. ഞങ്ങളെല്ലാം ഇപ്പോഴും അഴുക്കിലാണ്. ഇങ്ങനെ ഒരുപാട് കമ്മട്ടിപ്പാട്ടങ്ങള്‍ ഏറണാകുളത്തെമ്പാടുമുണ്ട്. ഞാന്‍ അയ്യങ്കാളി ചിന്താഗതിയുള്ള മനുഷ്യനാണ്. പറ്റുമെങ്കില്‍ ലൈഫിന്റെ അറ്റത്ത് ഫെരാരി കാറില്‍ വരുകയെന്നതാണ് എന്റെ ചിന്ത. അല്ലാതെ പുലയനാണെന്നു പറഞ്ഞു ഞാനൊരിക്കലും പുറകോട്ട് പോകൂല്ല. പറ്റുമെങ്കില്‍ സ്വര്‍ണ്ണത്തിന്റെ ഒരു കിരീടവും വെക്കാന്‍ ശ്രമിക്കാന്നൊരാളാണ്. ഞാനൊരു പുലയനാണ്. എന്റെ കയ്യില്‍ താളം ഭീകരായിട്ടുണ്ട്. എന്റെ ബോഡിയിലുണ്ട്’.

കാലങ്ങളായി തുടര്‍ന്നു പോന്നിരുന്ന പുരസ്കാര പ്രഖ്യാപനത്തിലെ മികച്ച നടനെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളെ പൊളിച്ചെഴുതിയാണ് വിനായകന്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയത്. പുരസ്കാരത്തിന് അര്‍ഹനാക്കിയ കഥാപാത്രത്തെ പോലെ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടും രാഷ്ട്രീയവും വിനായകന്‍ ആദ്യമായി വ്യക്തമാക്കിയ അഭിമുഖമായിരുന്നു ജിമ്മി ജെയിംസുമായി വിനായകന്‍ നടത്തിയത്.

വിനായകന്റെ അഭിമുഖത്തില്‍ നിന്നും:

എതിര്‍ക്കേണ്ടത് എതിര്‍ത്തും, പറയേണ്ടത് പറഞ്ഞും തന്നെയാണ് താന്‍ ജീവിച്ചത്. ഇനി ഒന്നിനും വേണ്ടിയും താന്‍ മാറില്ല. പേജ് ത്രീയല്ല വിനായകന്‍. ചാനലിലെ കോമഡി പരിപാടികള്‍ക്കു തന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പോകാറില്ല. ജീവിതം എനിക്കു കോമഡിയല്ല. സീരിയസ്സാണ്. വന്ന വഴികള്‍ അതാണ്. അഴുക്കിലും ചെളിയിലുമാണ് ഞാന്‍ വളര്‍ന്നത്. സംസ്ഥാന പുരസ്കാരം നേടിയ അന്ന് തന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ തന്നെക്കൊണ്ട് അഭിനയിപ്പിക്കാനാണ് ശ്രമിച്ചത്. ജീവിതത്തില്‍ അഭിനയിക്കാന്‍ പറയരുതെന്നായിരുന്നു എന്റെ മറുപടി. അമ്മയ്ക്ക് ജില്ലേബി കൊടുത്ത് കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാനായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എന്നോടു ആവശ്യപ്പെട്ടത്. ജനിച്ചതില്‍ പിന്നെ ഞാന്‍ അമ്മയ്ക്ക് ഉമ്മ കൊടുത്തിട്ടില്ല. ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഞാന്‍ എന്തിനു അഭിനയിക്കണം.

ഒരാള്‍ എന്നോട് പറഞ്ഞത് കൈകള്‍ ഉയര്‍ത്തി ദിങ്ങനെ ദിങ്ങനെ കാണിക്കാനാണ്. എന്റെ ഫാമിലി ഫ്രണ്ട് പറഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായതു തന്നെ. സിനിമാപാരഡീസോ അവാര്‍ഡ് ദാന ചടങ്ങില്‍ കൈകള്‍ ഉയര്‍ത്തി ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. അവനൊരു ഹിറ്റ് കിട്ടേണ്ടയെന്നായിരുന്നു മനോഭാവം. ഉഗ്രന്‍ ആക്ഷന്‍ ഞാന്‍ ഇടൂല്ലേ- ജീവിതത്തില്‍ അഭിനയിക്കാന്‍ എന്നെ കിട്ടൂല്ല- വിനായകന്‍ പറയുന്നു. ഞാന്‍ ക്ലിയര്‍ ജീവിക്കുന്ന ഒരാളാണ്. എന്റെ മാന്യതയാണ് പത്രസമ്മേളനം വിളിച്ചു കൃത്യമായി കാര്യം പറഞ്ഞത്. ആ മാന്യത എല്ലാവരും കാണിക്കണം. അതു കാണിച്ചില്ലെന്നും വിനായകന്‍ പരിതപിക്കുന്നു. ഞാന്‍ അമ്മയുടെ വകതിരിവില്ലാത്ത പിള്ളയായി മാറി നിങ്ങളുടെ പെരുമാറ്റം കാരണം. എന്റെ ലൈഫില്‍ അമ്മയെ ഞാന്‍ ഉമ്മയെ വച്ചിട്ടില്ല. ജില്ലേബി പോയിട്ട് എന്റെ വീട്ടില്‍ ഉപ്പില്ല. ഹൈപ്പ് ക്രിയേറ്റ് ചെയ്ത് മാസശമ്ബളം വാങ്ങാന്‍ എന്റെ അമ്മയെ ഉപയോഗിക്കരുത്. എന്റെ അമ്മയ്ക്ക് ഷുഗര്‍ ഉള്ളതാണ്. 20 കൊല്ലം നോക്കാത്തവര്‍ എന്നെ വില്‍ക്കാന്‍ ശ്രമിക്കരുത്. വിനായകന്‍ ഓര്‍മ്മിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാവരെയും പറ്റിക്കരുത്. പേജ് ത്രീയാണ് അത്. ലൈഫ് അറ്റം വരെ പേജ് ത്രീയെ ഞാന്‍ പ്രതിരോധിക്കും. പേജ് സിക്സും സെവണും പേജ് വണ്ണും പേജ് ടുവുമൊക്കെ വിനായകനെ ഉള്‍ക്കൊണ്ടു കഴിഞ്ഞു. പേജ്ത്രീയെ മാത്രമേ ഞാന്‍ ചീത്ത പറയുന്നുള്ളു. ബഡായി ബംഗ്ലാവില്‍ ഞാന്‍ വരാത്തത് കോമഡി കാണിച്ചു എന്നെ വില്‍ക്കാന്‍ താത്പര്യം ഇല്ലാത്തതു കൊണ്ടാണ് ആ കോമഡി എന്റെ ജീവിതത്തില്‍ കാണിക്കാനും എനിക്കു താത്പര്യമില്ല. ഞാന്‍ മാറില്ല. മാറിയാല്‍ ഈ നാല്‍പ്പതുകൊല്ലം എന്റെ കൂടെ നിന്നവരെ ഞാന്‍ വഞ്ചിച്ചു എന്നു തന്നെയാണ് അര്‍ത്ഥം.

ആരും നമ്മളെ പിന്നോട്ടു വലിക്കുന്നില്ല. അത് നമ്മുടെ ചിന്ത മാത്രമാണ്. അപകര്‍ഷതാ ബോധം എന്നൊന്ന് എനിക്കില്ല. ഒരിക്കലും ഒരു പുലയനാണെന്ന് പറഞ്ഞ് ഞാന്‍ പിന്നോട്ടു പോവില്ല. പുഴുപുലികള്‍ എന്ന ഗാനത്തിന്റെ ഐഡിയ ആദ്യം പറയുന്നത് രാജീവ് രവിയാണ്. താളം ഫോണില്‍ പറഞ്ഞു കൊടുത്തു. അതിനനുസരിച്ച്‌ അന്‍വര്‍ അലി വരികള്‍ എഴുതിത്തന്നു. ഞാനൊരു പുലയനായതുകൊണ്ട് ചവിട്ടിന്റെ റിഥം അതില്‍ കിടപ്പുണ്ട്. ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് പാടുമ്ബോഴും നൃത്തം ചെയ്യുമ്ബോഴുമാണ്. കണ്ണൊക്കെ അടഞ്ഞ് നമ്മള്‍ നമ്മളല്ലാതാവും. പരമമായ സത്യം അതാണെന്നും വിനായകന്‍ പറഞ്ഞു.

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ പേരില്‍ തന്നെ വില്‍ക്കാനുള്ള ശ്രമങ്ങളെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും വിനായകന്‍ പറഞ്ഞു. ഡാന്‍സിലും സംഗീതത്തിലും ആ താളമാണ് എനിക്കുള്ളത്. എല്ലാം മറന്ന് ഡാന്‍സ് ചെയ്യുക എന്നതിനേക്കാള്‍ എല്ലാം മറന്ന് തുള്ളണം എന്നാണ് താന്‍ പറയുന്നത്.

ഗംഗ തീര്‍ന്നു ഇനി വിനായകനാണ്. കഴിഞ്ഞ 20 വര്‍ഷമായി സിനിമയുടെ ഭാഗമാണ് താന്‍. രൂപത്തിലോ ഭാവത്തിലോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഛായകളായിരുന്നു തനിക്ക് കിട്ടിയ കഥാപാത്രങ്ങള്‍ക്കൊക്കെയും. ഇതില്‍ നിന്നും മാറിനടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതിനു വേണ്ടി ആരുടെ മുന്നിലും പോയി അപേക്ഷിക്കാന്‍ തനിക്കാവില്ല. പക്ഷെ അത് തനിക്ക് കിട്ടുമെന്നാണ് കരുതുന്നതെന്നും വിനായകന്‍ പറഞ്ഞു.