ഈ അവാര്‍ഡിന് പത്തരമാറ്റു തന്നെയാണ് .കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയ ഒന്നടങ്കം കൈകോര്‍ത്തതും വിനായകന്റെ ഈ വിജയത്തിന് വേണ്ടിയാണ് .കാരണം കമ്മട്ടിപാടത്തിലെ ഗംഗയെ അത്രയ്ക്ക് പ്രേക്ഷകര്‍ സ്നേഹിച്ചിരുന്നു എന്നത് തന്നെ .താരനിശകള്‍ കാണാതെ പോയ ഈ നടന്റെ അഭിനയം ഒടുവില്‍ സ്റ്റേറ്റ് അവാര്‍ഡ്‌ ജൂറി കാണുക തന്നെ ചെയ്തു എന്നത് അഭിനന്ദനാര്‍ഹം തന്നെ .
1994ല്‍ മാന്ത്രികം എന്നചിത്രത്തിലൂടെ ആണ് വിനായകന്‍ സിനിമയില്‍ എത്തുന്നത് .എന്നിട്ടും വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു വിനായകന്റെ പ്രതിഭ തിരിച്ചറിയാന്‍ .കമ്മട്ടിപ്പാടം എന്ന സിനിമയില്‍ നായകന്‍ ദുല്‍ക്കര്‍ ആണ് .എന്നാല്‍ സിനിമയിലേക്ക് പ്രവേശിക്കുമ്പോള്‍ കമ്മട്ടിപ്പാടത്തിനും കണ്ടിറങ്ങിയ കാഴ്ചക്കാരന്റെ ഹൃദയത്തിനും ഒരേ ഒരു നായകനായി ഗംഗ മാറുന്നു.ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ദുൽഖർ പിന്നീട് പറഞ്ഞത് താനല്ല, ചിത്രത്തിലെ യഥാർഥ നായകൻമാർ മണികണ്ഠനും വിനായകനും ആണെന്നാണ്. എന്നിട്ടും മലയാളത്തിലെ പ്രമുഖ ചാനലുകൾ അടക്കം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വിനായകൻെറ അഭിനയ പ്രകടനം പലരും കണ്ടില്ലെന്ന് വെച്ചു.ഒടുവിൽ സോഷ്യൽ മീഡിയയിലെ സിനിമാ പാരഡീസോ ക്ലബ്ബാണ് വിനായകന് മികച്ച നടനുള്ള പുരസ്കാരം ആദ്യമായി നൽകുന്നത്. വനിതയുടെ സ്പെഷ്യൽ പെർഫോർമൻസിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

വിനായകന് ഇത് ഗംഗയെന്ന കഥാപാത്രത്തിനപ്പുറം അയാള്‍ ജനിച്ച, കളിച്ചുവളര്‍ന്ന, സ്വന്തം നാടിന്റെ ചരിത്രമായിരുന്നു കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിനും അവിടെയുള്ള മനുഷ്യര്‍ക്കും എന്ത് സംഭവിച്ചുവെന്ന് നിങ്ങളൊന്ന് അന്വേഷിക്കൂ എന്ന് ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഒരു വേദിയില്‍ വൈകാരികമായി വിനായകന്‍ പറയുന്നുണ്ട്. ഗംഗനായി മൂന്ന് കാലഘട്ടങ്ങളിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ച വച്ചത്. അവാര്‍ഡിനായി വിനായകൻ മത്സരിച്ചത്  മോഹന്‍ലാലിനോടും, ഫഹദ് ഫാസിലിനോടുമൊക്കെയാണ്.എന്നിട്ടും വിനായകന്‍ അവാര്‍ഡ്‌ നേടി .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 എറണാകുളം കെഎസ്.ആര്‍.ടി.സി സ്റ്റാന്റിനു പിന്നിലുള്ള റെയില്‍വേ ട്രാക്ക് കടന്നാല്‍, ഉദയ കോളനിയായി. അവിടെയാണ് വിനായകന്റെ വീട്.രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എന്ന സിനിമ പറഞ്ഞത്, ഉദയ കോളനി അടക്കമുള്ള കോളനികളില്‍ ഒതുങ്ങേണ്ടിവന്ന കീഴാള ജീവിതങ്ങളുടെ കഥയായിരുന്നു. നഗരത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ എങ്ങനെയാണ് സ്വന്തം ഇടങ്ങളില്‍നിന്നും പുറത്തായതെന്ന് ഉദയകോളനിക്കാരോട് ആരും പറയേണ്ടതില്ല. നഗരം വളര്‍ന്നപ്പോള്‍ കോളനികള്‍ക്കുള്ളിലെ അരണ്ട ജീവിതങ്ങളിലേക്കു നിലംപതിച്ചതിന്റെ ആഘാതം ജീവിതം കൊണ്ട് അനുഭവിച്ചവരാണ് അവര്‍.

മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ നാല്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചൊരു നടനായി വിനായകന്‍ വളര്‍ന്നിട്ടും, നമ്മുടെ മുഖ്യധാരാ അയാള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിനു പിന്നിലും ആ കോളനി ജീവിതമുണ്ട്. അയാള്‍ നില്‍ക്കുന്ന ഇടം മുഖ്യാധാരാ നോട്ടങ്ങള്‍ക്ക് അത്ര വഴങ്ങുന്നതേ ആയിരുന്നില്ല. അയാളുടെ നിറവും മുഖവും ശരീരഭാഷയും നമ്മുടെ ഇസ്തിരിയിട്ട ജീവിതങ്ങള്‍ക്ക് അനുയോജ്യവുമായിരുന്നില്ല. എങ്കിലും അതൊന്നും വകവെയ്ക്കാതെ,  സംഗീതവും നൃത്തവും അഭിനയവുമായി സ്വന്തം വഴിയില്‍ മുന്നോട്ടു പോവുക തന്നെയായിരുന്നു വിനായകന്‍. ആ യാത്രയാണ്, ഒടുവില്‍ കമ്മട്ടിപ്പാടത്തില്‍ എത്തിയത്.