സ്വന്തം ലേഖകന്‍
ലിവര്‍പൂള്‍: പുതുവര്‍ഷത്തിലെ ആദ്യ ദുരന്ത വാര്‍ത്ത കേട്ടതിന്റെ ഞെട്ടലില്‍ ആയിരുന്നു ഇന്നലെ ലിവര്‍പൂളിലെയും സമീപ പ്രദേശങ്ങളിലെയും ഓരോ മലയാളി കുടുംബങ്ങളും. വിനുവിന്‍റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കാത്ത ആരും തന്നെ ലിവര്‍പൂളില്‍ ഉണ്ടായിരുന്നില്ല. ലിവര്‍പൂള്‍ മലയാളികള്‍ക്ക് ഏറെ പ്രിയംകരനായിരുന്ന വിനുവിന്‍റെ അസുഖ വിവരം അറിഞ്ഞത് മുതല്‍ എല്ലാവരും ആശങ്കാകുലര്‍ ആയിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന്‍ മൂന്നാഴ്ച മുന്‍പ് വിനു ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതിനെ തുടര്‍ന്ന്‍ എല്ലാവരും പ്രാര്‍ത്ഥനാ നിരതര്‍ ആയിരുന്നു. എന്തെങ്കിലും അത്ഭുതം സംഭവിച്ച് തങ്ങളുടെ പ്രിയപ്പെട്ട വിനു ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയില്‍ ആയിരുന്നു എല്ലാവരും. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു വിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അസ്തമിപ്പിച്ച് കൊണ്ട് ഇന്നലെ രാവിലെ വിനു തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം വിട്ട് ഈ ലോകത്തോട് യാത്ര പറയുകയായിരുന്നു. വിനുവിന്‍റെ വേര്‍പാട് വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് ഭാര്യ ലിനിയും മൂന്ന്‍ മക്കളും. ലിവര്‍പൂള്‍ സിടിസി ആശുപത്രിയില്‍ എച്ച്ഡിയു നഴ്സ് ആയി ജോലി ചെയ്യുകയാണ് ഭാര്യ ലിനി. സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ നേഹ (13) നെല്‍റ്റ (6) നവീന (4) എന്നിവരാണ് മക്കള്‍. കെര്‍ബി ച്യുംസ് ലിമിറ്റഡ് എന്ന കമ്പനിയിലായിരുന്നു വിനു ജോലി ചെയ്തിരുന്നത്.
ലിവര്‍പൂളിലെ പ്രമുഖ മലയാളി സംഘടനയായ ലിംകയുടെ സജീവ അംഗമായിരുന്ന വിനു ജോസഫ് സുഹൃത്തുക്കള്‍ക്ക് എല്ലാം വളരെ വേണ്ടപ്പെട്ടയാളായിരുന്നു. ആര്‍ക്കും എന്ത് സഹായത്തിനും എപ്പോഴും പുഞ്ചിരിയോടെ ഓടിയെത്തുമായിരുന്നു വിനു എന്ന്‍ സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഏത് പ്രശ്നത്തിനും വളരെ കൂള്‍ ആയി പരിഹാരം കണ്ടെത്തുന്നതില്‍ വിനുവിന് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു എന്ന്‍ വിനുവിന്‍റെ സുഹൃത്തുക്കള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വയ്ക്കുന്നു.
ലിവര്‍പൂള്‍ മലയാളി സമൂഹം മരണവാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ വിനുവിന്‍റെ കുടുംബത്തിന് താങ്ങായി ഒപ്പം ഉണ്ട്. വിനുവിന്‍റെ ഭാര്യ ലിനിയുടെ സഹോദരി ലിന്‍സിയും ഭര്‍ത്താവ് അബ്രഹാം ജോര്‍ജ്ജും ലിവര്‍പൂളില്‍ തന്നെയാണ് താമസം. മാതാപിതാക്കള്‍ക്ക് ഏക മകനായിരുന്ന വിനുവിന്‍റെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന്‍ കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
പുനലൂര്‍ അഞ്ചലിന് സമീപം കരിവിളാകം കൊട്ടാരംകുന്നേല്‍ കുടുംബാംഗം ആണ് വിനു ജോസഫ്. പിതാവ് പരേതനായ ചാക്കോ ജോസഫ്, മാതാവ് അമ്മിണി ജോസഫ്. ഏക സഹോദരി വിജി വിത്സന്‍ നാട്ടിലാണ് താമസം. മുന്‍പ് സൗദിയില്‍ ആയിരുന്ന വിനുവും കുടുംബവും 2004ല്‍ ആണ് യുകെയിലെത്തിയത്. 2009ല്‍ ആണ് വിനുവിന്‍റെ അസുഖവിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന്‍ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നെങ്കിലും ഇടയ്ക്കിടെ രോഗം വിനുവിനെ അലട്ടിയിരുന്നു.
മാര്‍ത്തോമ്മാ സഭംഗമായ വിനു ജോസഫിന് അസുഖമായപ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും മാര്‍ത്തോമ്മാ വിശ്വാസി സമൂഹം കാര്‍മ്മല്‍ പള്ളി വികാരി റവ. ഫാ. റോണി ചെറിയാന്റെ നേതൃത്വത്തില്‍ കൂടെയുണ്ടായിരുന്നു. ആശുപത്രിയില്‍ വിനു ഉണ്ടായിരുന്നപ്പോള്‍ പ്രാര്‍ത്ഥനയ്ക്കും മറ്റും കാര്‍മ്മികത്വം വഹിച്ചത് ഫാ. റോണി ചെറിയാന്‍ ആയിരുന്നു. ഇന്നലെ വൈകിട്ട് വിനുവിന് വേണ്ടി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനയും മറ്റും നടത്തിയിരുന്നു.
വിനുവിന്‍റെ നിര്യാണത്തില്‍ ലിവര്‍പൂളിലെ മലയാളി അസോസിയെഷനുകളായ ലിംക, ലിമ, അകാല്‍ തുടങ്ങിയവയുടെ ഭാരവാഹികളും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളും അനുശോചനങ്ങള്‍ അറിയിച്ചു. നാളെ നടക്കാനിരുന്ന ജനറല്‍ബോഡി യോഗം ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റി വച്ചതായി ലിംക ഭാരവാഹികള്‍ അറിയിച്ചു. വിനുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മനോജ് വടക്കേടത്ത് (07828787332), രാജി മാത്യു (07889217641), റ്റിജോ (07888698268) എന്നിവരുള്‍പ്പെട്ട മൂന്നംഗ കമ്മറ്റിയെ ലിംക ചുമതലപ്പെടുത്തിയിട്ടും ഉണ്ട്.