ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിര്‍മ്മാതാക്കള്‍ സിനിമാ ചിത്രീകരണ വേളയില്‍ തങ്ങളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്ന് സിഎംഐ സഭയുടെ കീഴിലുള്ള രാജഗിരി ആശുപത്രി. സിനിമയുടെ ചിത്രീകരണം നടന്നത് രാജഗിരി ആശുപത്രിയില്‍ വെച്ചായിരുന്നു.
ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സിനിമയിലുണ്ടാകില്ലെന്ന് സമ്മതപത്രത്തില്‍ ഒപ്പുവച്ച നിര്‍മ്മാണ കമ്പനി കരാറിനു ഘടക വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജഗിരി ഹോസ്പിറ്റല്‍ അധികൃതര്‍ സീന്യൂസിനോട് പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് ഹോസ്പിറ്റല്‍.
ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജീവന്റെ മൂല്യങ്ങള്‍ സംരക്ഷിച്ചും അവ ഉയര്‍ത്തിപ്പിടിച്ചുമുള്ള പാരമ്പര്യമാണ് ക്രൈസ്തവ സമൂഹത്തിന്റേത്. നിശബ്ദ ജീവനുകളെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല ചെയ്യുന്ന ഭ്രൂണഹത്യയെ ഏറ്റവും വലിയ പാപമായാണ് ക്രൈസ്തവ സഭ കരുതിപ്പോരുന്നത്.
ഷൂട്ടിംഗിന് മുന്‍പ് തന്നെ രാജഗിരിയുമായുണ്ടാക്കിയ കരാറിനു വിപരീതമായാണ് തിരക്കഥ ഒരുങ്ങിയത്. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രം എന്നിവ കത്തോലിക്കാ സഭയും സിഎംഐ സമൂഹവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അറിയാമെന്നും അതിനാല്‍ ഇവ തങ്ങളുടെ സിനിമയില്‍ ഉണ്ടാകില്ലെന്നുമാണ് നിര്‍മ്മാതാക്കളായ ആനന്ദ് വിഷന്‍ രാജഗിരിയ്ക്ക് കരാറില്‍ എഴുതി നല്‍കിയ ഉറപ്പ്.
എന്നാല്‍ സിനിമ പുറത്തു വന്നതോടെ ചലച്ചിത്രത്തിലെ ഗര്‍ഭഛിദ്ര അനുകൂല നിലപാട് വിവാദമായി. ഇതോടെയാണ് നിര്‍മ്മാണ കമ്പനി കരാര്‍ ലംഘനം നടത്തിയെന്ന വ്യക്തമായ തെളിവുകളുമായി രാജഗിരി ഹോസ്പിറ്റല്‍ രംഗത്ത് വന്നത്. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ആനന്ദ വിഷനോട് വിശദീകരണം ആവശ്യപ്പെട്ടത്.
Leave a Reply