അക്രമകാരികളായ യുവജനങ്ങളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുമെന്ന് പാര്‍ലമെന്ററി ഗ്രൂപ്പ്. യൂട്യൂബ്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ക്രിമനല്‍ കുറ്റങ്ങളില്‍ പങ്കെടുത്ത യുവതീയുവാക്കള്‍ ഉപയോഗിക്കുന്നത് അക്രമങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി. ക്രോസ്പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ് ഇത് സംബന്ധിച്ച ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്രിമിനല്‍ ബിഹേവിയര്‍ ഓര്‍ഡറില്‍ (സിബിഒ) വരുത്താന്‍ പോകുന്ന ഭേദഗതി പൗരന്മാരെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതികള്‍ക്ക് അധികാരം നല്‍കുമെന്ന് എംപി സാറ ജോണ്‍സ് അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ വയലന്‍സ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഭേദഗതി.
തോക്കും കത്തിയും ഉപയോഗിച്ചുള്ള അക്രമങ്ങള്‍ നടത്തുന്നതിന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇന്‍ഫര്‍മേഷനുകള്‍ സഹായകമാകുന്നുവെന്ന് സീനിയര്‍ ഓഫീസര്‍മാര്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഏറ്റവും വലിയ അക്രമപരമ്പരകള്‍ക്കാണ് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. നിരവധി പേരാണ് ലണ്ടനില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മരിച്ചിരിക്കുന്നത്. അക്രമങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടും വയലന്റ് ഉള്ളടക്കമുള്ള കണ്ടന്റുകള്‍ പിന്‍വലിക്കാന്‍ പല കമ്പനികളും തയ്യാറായിട്ടില്ല. എന്നാല്‍ ഇത്തരം കണ്ടന്റുകള്‍ പിന്‍വലിക്കണമെന്ന് പോലീസിന്റെ ശക്തമായ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി കത്തികള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ഇത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
ഓണ്‍ലൈന്‍ വഴി കത്തികള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നതും അപകടകാരികളായ സോംബീ കത്തികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും നിയമം മൂലം നിരോധിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച പുതിയ ഒഫന്‍സീവ് വെപ്പണ്‍സ് ബില്‍ അടുത്ത ആഴ്ച്ചയോടെ പാസാകുമെന്നാണ് കരുതുന്നത്. സമീപകാലത്ത് ഏതാണ്ട് 50ഓളം പേരാണ് വിവിധ അക്രമങ്ങളിലായി ലണ്ടനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തിനകത്ത് കത്തി ഉപയോഗിച്ച് നടക്കുന്ന അക്രമങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അക്രമങ്ങള്‍ സ്ഥിര സംഭവമായി മാറിയതോടെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ 300 മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ നിയന്ത്രിക്കുന്നതിന് കടുത്ത തീരുമാനങ്ങള്‍ ഹോം ഓഫീസ് കൈക്കൊള്ളും. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കത്തിയുമായി എത്തുന്നതും നിയമം മൂലം നിരോധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് സ്കൂളില്‍ കത്തിയുമായി വരുന്നവരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Leave a Reply