കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലുണ്ടായ കല്ലേറിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ നിറഞ്ഞത്. പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ എം.എസ്. അജിത്താണ് തന്റെ വേദന ഒരു ചിരിയിലൊതുക്കിയത്.
തിരുവനന്തപുരം പാലോട് സ്വദേശിയാണ് അജിത്. ചുണ്ടിനും കവിളിനും പരിക്കേറ്റ അജിത്തിന് പത്തുദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ വൈറലാകുന്ന ചിരിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് അജിത്ത്
അജിത്തിന്റെ വാക്കുകൾ;
‘ സംഘർഷമൊന്നുമുണ്ടാകാൻ സാധ്യതയില്ലാത്ത മാർച്ചെന്നാണ് കരുതിയിരുന്നത്. പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവുമുണ്ടായതുമില്ല. പ്രതിഷേധക്കാരിൽ ചിലർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കല്ല് മുഖത്തുപതിച്ചത്.
കല്ലേറുകൊണ്ടെങ്കിലും ആരെയും ആദ്യമറിയിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ, എന്റെ മുഖത്ത് ചോര നിറയുന്നതുകണ്ട് പത്രഫോട്ടോഗ്രാഫർ ചിത്രം പകർത്തുകയായിരുന്നു. ചോരയൊലിക്കുന്നതുകണ്ട് എ.ഐ.വൈ.എഫ്. നേതാക്കളും അമ്പരന്നു. സഹതാപത്തോടെയായിരുന്നു അവരുടെ നോട്ടം. എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു അവരും. അതുതന്നെയോർത്താണ് ഞാനും ചിരിച്ചുപോയത്.”
Leave a Reply