പ്രവാസ ജീവിതത്തിന്റെ അല്ലെങ്കിൽ ഒരു പ്രവാസിയുടെ ജീവിതം എത്രയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് എന്ന് ഒരിക്കൽ പ്രവാസിയായാൽ മാത്രമേ അറിയൂ. പ്രതേകിച്ചു കുടുംബമായി വിദേശത്തു താമസിക്കുമ്പോൾ. എന്നിരുന്നാലും മിക്കവാറും മനസ്സ് സ്വന്തം നാട്ടിലും മാതാപിതാക്കളുടെയും അടുത്താണ് എന്നത് ഒരു യാഥാർത്യമാണ്. വീട്ടിലെ എല്ലാ മംഗള കർമ്മങ്ങൾക്കും എത്തിപ്പെടുവാൻ വ്യഗ്രതപ്പെടുന്ന ഒരു മലയാളി മനസ്സ് മറ്റൊരിടത്തും കാണാൻ സാധിക്കില്ല. വിദേശത്തുള്ള പേരകുട്ടികളെ നോക്കാൻ ആളില്ലാതെവരുമ്പോൾ മാതാപിതാക്കളെ കൊണ്ടുവരുന്ന  സാഹചര്യത്തെക്കുറിച്ചു ഒരു സിനിമയിൽ കെ പി സ് സി ലളിത പറയുന്ന കാര്യം അപൂർവ്വം ചിലരിലെങ്കിലും സത്യമാണെങ്കിലും എല്ലാവരും അത്തരക്കാരല്ല എന്ന് അടിവരയിട്ട് വിവരിക്കുകയാണ് സിങ്കപ്പൂർ മലയാളി സിജോ ഫിലിപ്പോസ്. തന്നെ വളര്‍ത്തി വലുതാക്കിയ സ്വന്തം അച്ഛനമ്മമാരോട് അവര്‍ക്കെന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന മക്കള്‍ കുറവാണ്. എന്നാല്‍ ഉള്ളവരില്‍ പലരും സ്വന്തം അനുഭവങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. സ്വന്തം ജീവിതത്തില്‍ നിന്ന് അത്തരമൊരു മനോഹരമായ അനുഭവം പങ്കുവയ്ക്കുകയാണ് സിജോ ഫിലിപ്പോസ് എന്ന പ്രവാസി മലയാളി

കുറിപ്പ് വായിക്കാം;

ചേട്ടന്റെ കല്യാണത്തിന് വീട് പെയിന്റ് അടിക്കാന്‍ അടുക്കി പെറുക്കുമ്പോളാണ് ആ സാധനം എന്റെ കണ്ണില്‍ പെടുന്നത്. ആദ്യം വല്ല പാസ്സ്ബുക്കും ആണെന്നാണ് കരുതിയത്, നന്നായി നോക്കുമ്പോഴാണ് മ്മടെ പ്പന്റെ പാസ്‌പോര്ട്ട് ആണെന്ന് മനസ്സിലാകുന്നത്. അപ്പനോട് അതിനെപ്പറ്റി ചോദിച്ചപ്പോ ഒഴിഞ്ഞുമാറിയെങ്കിലും വാലിഡിറ്റി കഴിഞ്ഞു പുതുക്കാതെ കിടക്കുന്ന ആ സാധനത്തിനെ പറ്റി മമ്മി പറയുമ്പോഴാണ് അറിയുന്നത് അപ്പന്റെ വല്യ ഒരാഗ്രഹമായിരുന്നു ഫ്‌ളൈറ്റില്‍ കയറണം ഏതെങ്കിലും ഒരു വിദേശരാജ്യത്തു ജോലി ചെയ്യണം എന്നൊക്കെ. പറഞ്ഞുവന്നപ്പോ അതിനായി ബോംബെ വരെ പോയി തിരിച്ചുവന്ന കഥ വരെ കിട്ടി.

അപ്പന്റെ ആഗ്രഹങ്ങളൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഞങ്ങടെ എല്ലാ ആഗ്രഹങ്ങളും അപ്പനെക്കൊണ്ടാവും വിധം നടത്തിത്തന്നിട്ടുമുണ്ട്. അന്ന് മനസ്സില്‍ കരുതിയതാണ് ഒരു ജോലി കിട്ടിയാല്‍ അപ്പനെ ഒന്ന് ഫ്‌ളൈറ്റില്‍ കയറ്റണം ഏതെങ്കിലും ഒരു രാജ്യത്ത് കൊണ്ടുപോയി സ്ഥലങ്ങള്‍ കാണിക്കണം എന്നൊക്കെ. അങ്ങനെ ജോലി കിട്ടി. മറ്റെങ്ങുമല്ല സിംഗപ്പൂര്‍.

അപ്പനെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പാസ്‌പോര്‍ട്ട് എടുക്കണം, പഴേത് ക്യാന്‍സല്‍ ആയിപോയി പുതിയതിനു അപ്ലൈ ചെയ്യണം എന്ന് പറഞ്ഞപ്പോ അതിന്റെ ഒന്നും ആവശ്യമില്ല ഞാനെങ്ങും വരുന്നില്ല എന്നൊരു മറുപടി. അത് മറ്റൊന്നും കൊണ്ടല്ല മറ്റപ്പന്മാരെ പോലെ മക്കളെ കഷ്ടപ്പെടുത്തേണ്ട, അവരുടെ ക്യാഷ് കളയേണ്ട എന്നൊക്കെ കരുതിയിട്ടാണ്. പണ്ട് കഷ്ടപ്പെട്ടും പട്ടിണിക്കിടന്നും ഒന്നുമില്ലായ്മയില്‍ നിന്നും ഞങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചു ഒരുനിലയിലാക്കിയ അപ്പനെ നമ്മക്കങ്ങനെ വിടാന്‍ പറ്റുമോ??

അവര്‍ പണ്ട് നമ്മുടെ ആഗ്രഹങ്ങള്‍ പലതും സാധിച്ചു തന്നത് രാപകല്‍ അദ്ധ്വാനിച്ചും പട്ടിണി കിടന്നും തന്നെയാ… പ്രത്യേകിച്ചു ഞങ്ങടെ അപ്പന്‍, അപ്പന്‍ ചെയ്ത ജോലികള്‍ അമ്മ പറഞ്ഞു കേള്‍ക്കുമ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞിട്ടുണ്ട്. അത് വച്ചുനോക്കുമ്പോള്‍ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുക്കാന്‍ എനിക്കെന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല. അങ്ങനെ പട്ടിണി കിടക്കാതിരിക്കാനുള്ള നിലയില്‍ ഞങ്ങടെ അപ്പ ഞങ്ങളെ ആക്കിയിട്ടുണ്ട്…

അപ്പൊ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കില്‍ പിന്നെ നമ്മളെന്തിനാ മക്കളെന്നു പറഞ്ഞു നടക്കുന്നത് … പിന്നൊന്നും നോക്കിയില്ല എടുപ്പിച്ചു രണ്ടാളെക്കൊണ്ടും പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടും ടിക്കറ്റും എല്ലാം റെഡി. ആദ്യം അവരെ തന്നെ കയറ്റികൊണ്ടുവരാം എന്നാണ് കരുതിയത്, പിന്നെ അത് ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഒരാഴ്ച ലീവ് എടുത്ത് നാട്ടില്‍ പോയി, അവരെ കൊണ്ടുവരാന്‍. പക്ഷെ, അങ്ങനെ പോയതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കാന്‍ പറ്റി…


വരുന്നില്ല, ടിക്കറ്റ് എടുക്കേണ്ട, എന്നൊക്കെ പറഞ്ഞിരുന്ന അപ്പന്‍ തന്റെ വാലിഡിറ്റി കഴിഞ്ഞ ആ വലിയ ആഗ്രഹം നിറവേറാന്‍ പോകുന്നതിന്റെ ത്രില്ലിലാണെന്നു. എന്നെ കണ്ടവരെല്ലാം എന്നാ അവരെ കൊണ്ടുപോകുന്നെ ? എത്ര ദിവസത്തേക്കാ? വളരെ നല്ലകാര്യം. എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ മനസ്സിലായി അപ്പനിനി നാട്ടില്‍ പറയാനാരോടും ബാക്കി ഇല്ലാരുന്നെന്നു…

അങ്ങനെ ദൈവാനുഗ്രഹത്താല്‍ പ്രശ്‌നങ്ങളൊന്നും കൂടാതെ സിങ്കപ്പൂര്‍ എത്തി. വന്ന ഒന്നുരണ്ടുദിവസം പനിയും ജലദോഷവും പണി തന്നെങ്കിലും പിന്നെ ഉഷാറായി. ഒരു മാസം അടുപ്പിച്ചേ ഉണ്ടയിരുന്നുള്ളൂ എങ്കിലും കണ്ടതു മതിയെ എന്ന് പറയുന്ന വരെ പറ്റുന്നിടത്തോളം സ്ഥലങ്ങള്‍ കാണിക്കാനും ആസ്വാദിക്കാനും ദൈവം സഹായിച്ചു. വന്നപ്പോഴുള്ള ഫോട്ടോയും തിരിച്ചു പോയപ്പോഴുള്ള ഫോട്ടോസും കണ്ടാല്‍ മനസ്സിലാകും.

ഒരു മാസം കൊണ്ട് മിനിമം ഒരു 10 വയസ്സു കുറഞ്ഞ പോലുണ്ട് അവരെ കണ്ടാല്‍. അപ്പന്‍ വല്ലപ്പോഴും ഒന്ന് മിനുങ്ങുമ്പോള്‍ മമ്മിയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ എന്തിനാടി വിഷമിക്കുന്നെ, എനിക്ക് രണ്ടാണ്‍ പിള്ളേരാടി എന്ന്. അതെ. അപ്പനമ്മമാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരുപക്ഷേ അവര്‍ നമ്മളോട് പറഞ്ഞെന്നു വരില്ല. പക്ഷെ നമ്മള്‍ പറ്റുന്നപോലെ എന്നല്ല കഴിയുന്നതിനും അപ്പുറം അവരെ സ്‌നേഹിക്കുക… കരുതുക… അവര്‍ നമുക്കുവേണ്ടി സഹിച്ച കഷ്ടപ്പാടിന്റെ അത്രേം എന്തായാലും വരില്ല നമ്മുടെ ആ കരുതല്‍….

അതെ മാതാപിതാക്കള്‍ ഉള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണ് നമ്മള്‍ എത്ര വലുതായാലും… ഏത് സ്ഥാനത്തെത്തിയാലും… നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത അപൂര്‍വ സ്വത്താണ് അവര്‍…… സങ്കടപ്പെടുത്താതിരിക്കുക…. നഷ്ടപ്പെടുത്താതിരിക്കുക അവരെ.