ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ഇത്തവണ അഭിപ്രായം പറയാൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കാവില്ലെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുളള സ്റ്റിയറിങ് കമ്മിറ്റി ആയിരിക്കും പുതിയ കോച്ചിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റിയാണ് ഇതിന് അന്തിമ അംഗീകാരം നല്‍കുകയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.
”കഴിഞ്ഞ തവണ മുൻ കോച്ച് അനിൽ കുബ്ലെയുമായി ഒത്തുപോകാൻ തനിക്കും ടീമിനും ബുദ്ധിമുട്ടുണ്ടെന്ന് കോഹ്‌ലി അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ പുതിയ കോച്ചിനെ തിരഞ്ഞെടുക്കുമ്പോൾ കോഹ്‌ലിക്ക് അഭിപ്രായം പറയാനാവില്ല. ഇത്തവണ കപിൽ ദേവ് ആണ് കോച്ചിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ തലവൻ. അദ്ദേഹം കോഹ്‌ലിയുടെ കോഹ്‌ലിയുടെ വാക്കുകൾ കേൾക്കില്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത്തവണ മുഖ്യ പരിശീലകനെ സഹായിക്കുന്നതിനുളള സപ്പോർട്ടിങ് സ്റ്റാഫിനെയും സീനിയർ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്താൽ മതിയെന്നാണ് ബിസിസിഐ തീരുമാനം. ”സപ്പോർട്ടിങ് സ്റ്റാഫിനെയും സെലക്ഷൻ കമ്മിറ്റി ആയിരിക്കും തിരഞ്ഞെടുക്കുക. സാധാരണ പരിശീലകനെയാണ് സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാൻ അനുവദിക്കാറുളളത്. എന്നാൽ ഇത്തവണ, സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതിനു മുൻപേ പരിശീലകനെ തിരഞ്ഞെടുത്താൽ മാത്രം അദ്ദേഹത്തിനും ഈ പ്രക്രിയയിൽ പങ്കാളിയാകാം,” ഉദ്യോഗസ്ഥൻ പറഞ്ഞു.
2017 ലെ ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ കുംബ്ലെയും കോഹ്‌ലിയും തമ്മിലുളള പോര് രൂക്ഷമായതിനെ തുടർന്നാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനത്തുനിന്നും രാജിവച്ചത്. അതിനുശേഷമാണ് രവി ശാസ്ത്രിയെ പുതിയ കോച്ചായി തിരഞ്ഞെടുത്തത്. 2019 ലോകകപ്പ് വരെയായിരുന്നു കരാർ. എന്നാൽ ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തെ തുടർന്ന് 45 ദിവസം വരെ മുഖ്യ പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും കരാർ പുതുക്കി നൽകി.
സെപ്റ്റംബർ 15 ന് ഇന്ത്യയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയുമായുളള പരമ്പരയ്ക്ക് മുൻപായി പുതിയ പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ശ്രമം. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബോളിങ് കോച്ച് ഭരത് അരുണ്‍, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബങ്കാര്‍, ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍ എന്നിവക്ക് പുതിയ അപേക്ഷകൾ നൽകാവുന്നതാണ്.
Leave a Reply