സ്വന്തം ലേഖകൻ
ലണ്ടൻ : വാരാന്ത്യത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കൂടാതെ തുടർന്നും തകരാറുകൾ നേരിടുന്നതായി വിർജിൻ മീഡിയ ഉപയോക്താക്കൾ. കഴിഞ്ഞ കുറെ ദിനങ്ങളിലായി ഉണ്ടായ കണക്ഷൻ പ്രശ്‌നങ്ങളെ പറ്റി വിർജിൻ മീഡിയ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും ഇതിനൊരു പ്രതിവിധി ഉണ്ടാകാത്തത് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നു. ഇന്നലെ രാവിലെ 10:26 ഓടെ 130 പേർ ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ വിർജിൻ മീഡിയയുമായി ഉണ്ടായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബർമിംഗ്ഹാം, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ഗ്ലാസ്ഗോ, ലീഡ്സ്, ലണ്ടൻ, കാർഡിഫ്, ഫെയർഹാം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പരാതികൾ. വിർജിൻ മീഡിയയുമായി ബന്ധപ്പെട്ട 13 പ്രശ്നങ്ങൾ കഴിഞ്ഞാഴ്ച ഡൗൺഡിറ്റക്ടർ കണ്ടെത്തിയിരുന്നു. അതിനു മുമ്പത്തെ ആഴ്ച ഏഴു പ്രശ്നങ്ങൾ ആണ് ഉണ്ടയിരുന്നത്. മെയ് 2 ന് രാത്രി 8.26ഓടെ 380 പേർക്ക് പ്രശ്‌നങ്ങളുണ്ടായെന്ന് അവർ പറയുന്നു. സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഇന്നലെ അവരുടെ വിർജിൻ മീഡിയ കണക്ഷനുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങളുടെ ഇന്റർനെറ്റ് അസ്ഥിരമാണ്. ഓരോ മണിക്കൂറിലും അത് താഴുന്നു. ഇത് എപ്പോൾ പരിഹരിക്കപ്പെടുമെന്നതിനെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ? ‘ ഒരാൾ ചോദിക്കുകയുണ്ടായി. ഇന്റർനെറ്റ് പ്രവർത്തനരഹിതമാണെന്നത് കണക്കിലെടുത്ത് നമുക്കെല്ലാവർക്കും പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരാൾ അറിയിച്ചു. ശനിയാഴ്ച രാത്രി 357ഓളം പേരാണ് ഇന്റർനെറ്റ് പ്രശ്നം റിപ്പോർട്ട് ചെയ്തത്. സിനിമകൾ കാണുന്നതും ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതുമായ ഭവനങ്ങളിൽ പൊതുവെ ഇന്റർനെറ്റ് ഉപയോഗം വർധിക്കും. എന്നാൽ ഈ ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ഉണ്ടാകുന്ന നിരന്തരമായ തകരാറുകൾ ആളുകളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച 200 ലധികം വിർജിൻ മീഡിയ ഉപഭോക്താക്കൾ വൈകുന്നേരം 4 മണി വരെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ പരാതികളോട് മറുപടിയെന്നോണം വിർജിൻ മീഡിയ വക്താവ് പറഞ്ഞു: ‘ഞങ്ങളുടെ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ സാധാരണപോലെ പ്രവർത്തിക്കുന്നു – ഞങ്ങളുടെ നെറ്റ്‌വർക്കിൽ വ്യാപകമായ പ്രശ്‌നങ്ങളൊന്നുമില്ല.’ ഉപയോക്താക്കൾക്ക് വ്യക്തിഗത കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സഹായത്തിനായി ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply