ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ആരോഗ്യപ്രവർത്തകരെ സാരമായി ബാധിച്ചതായും ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ഇടയിലുള്ള ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പുറത്ത് വന്നു. വാക്സിനുകൾ നൽകുന്നതിൽ ഹെൽത്ത് കെയർ ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്സിൻ വിതരണം ചെയ്യുമ്പോഴുള്ള അനീതിയേയും അദ്ദേഹം വിമർശിച്ചു. 2020 ജനുവരി മുതൽ ഈ വർഷം മേയ് വരെയുള്ള കാലയളവിലുള്ള മരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒ ഈ കണക്കുകൾ പുറത്ത് വിട്ടത്.

ലോകത്താകമാനം ഏകദേശം 135 ദശലക്ഷം ആരോഗ്യ പ്രവർത്തകരാണുള്ളത്. 119 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ ശരാശരി, അഞ്ച് ആരോഗ്യ പ്രവർത്തകരെ എടുക്കുമ്പോൾ അവരിൽ രണ്ടുപേരെങ്കിലും രണ്ടു ഡോസ് പ്രതിരോധ കുത്തിവയ്‌പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ.ടെഡ്രോസ് പറഞ്ഞു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകരിൽ പത്തിൽ എട്ടു പേർ വാക്സിൻ സ്വീകരിച്ചപ്പോൾ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ പത്തിൽ ഒരാൾ മാത്രമാണ് പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിരിക്കുന്നത്.

ദരിദ്ര രാജ്യങ്ങൾ മതിയായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിനുള്ള വീഴ്ച്ച ലോകാരോഗ്യ സംഘടനയുടെ മുതിർന്ന നേതാവായ ഡോ. ബ്രൂസ് ഐൽവാർഡ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം 2022-ൽ കോവിഡ് മൂലമുള്ള പ്രതിസന്ധി വർദ്ധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് ഭൂഖണ്ഡങ്ങളിൽ 40% ജനങ്ങൾ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിച്ചപ്പോൾ ആഫ്രിക്കയിലെ ജനസംഖ്യയുടെ 5% ത്തിൽ താഴെ മാത്രം ജനങ്ങളാണ് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തിരിക്കുന്നത്.

കോവിഡ് വാക്സിനുകളുടെ ഭൂരിഭാഗവും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആഗോളതലത്തിൽ വെറും 2.6% ഡോസുകൾ മാത്രമാണ് ആഫ്രിക്ക ഉപയോഗിച്ചിരിക്കുന്നത്.