തുപ്പറിവാളന്‍ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടുള്ള വിശാല്‍-മിഷ്‌കന്‍ പോര് രൂക്ഷമാകുന്നു. മിഷ്‌കിനെ മാറ്റി വിശാല്‍ തന്നെ സിനിമയുടെ സംവിധാനം ഏറ്റെടുത്തതിനു പിന്നാലെ, ‘ സൈക്കോ’ സംവിധായകനെതിരേ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, വിശാലിന്റെ ആരോപണങ്ങള്‍ക്കെല്ലാം കടുത്ത ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മിഷ്‌കിന്‍.
തമിഴ്‌നാട്ടില്‍ എല്ലാവരും മോശമായി കാണുകയും പറയുകയും ചെയ്യുന്ന വിശാലിനെ സ്വന്തം സഹോദരനെക്കാള്‍ ഏറെ സ്‌നേഹിച്ച് ആ സ്ഥാനം നല്‍കി കൂടെ കൊണ്ടുനടന്നവനായിരുന്നു താനെന്നാണ് മിഷ്‌കിന്‍ പറയുന്നത്. അങ്ങനെയുള്ള തന്നെ വിശാല്‍ അപമാനിച്ചു. തന്നെ പറ്റി ഇല്ലാത്തക്കഥകള്‍ പറഞ്ഞു പരത്തി. എന്റെ അമ്മയെ വേശ്യയെന്നു വിളിച്ചു. സഹോദരനെ മര്‍ദ്ദിച്ചു. ഒരിക്കല്‍ തമിഴ്‌നാട്ടില്‍ വിശാലിലെ സംരക്ഷിച്ചു നിര്‍ത്തിയ താന്‍, ഇപ്പോള്‍ വിശാലില്‍ നിന്നും തമിഴ്‌നാടിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. അത്രയും മോശമായൊരാളാണ് വിശാല്‍ എന്നായിരുന്നു വികാരാധീനനായി മിഷ്കിന്‍ സംസാരിച്ചത്. ഒരു സിനിമ പ്രമോഷന്‍ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയാന്‍ തനിക്കൊരു പത്തു മിനിട്ട് സമയം തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മിഷ്‌കിന്‍ വിശാലിനെതിരേ ആഞ്ഞടിച്ചത്.
തുപ്പറിവാളന്‍ 2 എന്റെ സഹോദരനുവേണ്ടി എഴുതിയതാണ് (വിശാലിനെയാണ് സഹോദരന്‍ എന്ന് മിഷ്കിന്‍ ഉദ്ദേശിച്ചത്). കോഹിനൂര്‍ ഡയമണ്ടുമായി ബന്ധപ്പെട്ടതായിരുന്നു പ്രമേയം. അതൊരു പാന്‍ ഇന്ത്യന്‍ സിനിമയാക്കാനായിരന്നു ആലോചന. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം ഒരു നിര്‍മാതാവിനെ കണ്ടു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. എനിക്ക് അഡ്വാന്‍സും തന്നു. അതിനുശേഷമാണ് വിശാലിനെ കണ്ട് കഥ പറയുന്നത്. കഥ കേട്ട വിശാല്‍ കരഞ്ഞു, എന്നെ കെട്ടിപ്പിടിച്ചു. ആ സിനിമ അവന് നിര്‍മിക്കണമെന്നു പറഞ്ഞു. ഈ സിനിമയോടെ തന്റെ എല്ലാ കടങ്ങളും തീര്‍ക്കാനാകുമെന്നായിരുന്നു അവന്‍ പറഞ്ഞത്. അതുവേണോ എന്നു ചോദിച്ചു. സിനിമ പൂര്‍ത്തിയാക്കണമെങ്കില്‍ 20 കോടിയെങ്കിലും വേണം. വിശാലിന് ഇപ്പോള്‍ തന്നെ കടമേറെയുണ്ട്. ഇനി റിലീസ് ചെയ്യാന്‍ പോകുന്ന ആക്ഷന്‍ എന്ന സിനിമ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടും. അതുകൊണ്ട് ഈ സിനിമ വേണമെങ്കില്‍ തുപ്പറിവാളന്‍ 3 ആയി ചെയ്യാം. അതിനു മുമ്പ് ചെന്നൈയില്‍ മാത്രം നടക്കുന്ന കഥയായി തുപ്പറിവാളന്‍ 2 ആക്കി വേറൊരു സിനിമ പത്തു കോടി ബഡ്ജറ്റില്‍ ചെയ്തു തരാമെന്നു പറഞ്ഞു നോക്കിയെങ്കിലും ഈ കഥ തന്നെ സിനിമയാക്കണമെന്നായിരുന്നു വിശാലിന് നിര്‍ബന്ധം. അവിടെ തുടങ്ങിയതാണ് എന്റെ തലവിധി.
ഈ സിനിമയുടെ തിരക്കഥയ്ക്കു വേണ്ടി ഞാന്‍ ആകെ വാങ്ങിയത് ഏഴരലക്ഷം രൂപയാണ്. അതില്‍ ഏഴു ലക്ഷം ചെലവാക്കി. വിശാല്‍ ഇപ്പോള്‍ പറയുന്നത് 35 ലക്ഷം രൂപ ചെലവാക്കിയെന്നാണ്. ഞാന്‍ സംവിധായകന്‍ മാത്രമല്ല, ഒരു നിര്‍മാതാവും കൂടിയാണ്. 35 ലക്ഷം രൂപ ചെലവാക്കിയെങ്കില്‍ അതിന്‍റെ തെളിവ് വിശാല്‍ ഹാജരാക്കണം.
32 ദിവസം തുപ്പറിവാളന്‍ 2 ഞാന്‍ ചിത്രീകരിച്ചു. ഒരു ദിവസം പതിനഞ്ചു ലക്ഷം വച്ച് 32 ദിവസം കൊണ്ട് 13 കോടി രൂപ ഞാന്‍ ചെലവാക്കിയെന്നാണ് വിശാല്‍ പറയുന്നത്. ഇത്രയും തുക ചെലവായെന്നതിനുള്ള തെളിവും ഹാജരാക്കണം.വിദേശത്ത് ഒരു സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ പുതിയൊരു കമ്പനി രജിസ്റ്റര്‍ ചെയ്ത് അതിലൂടെ വേണം പണം ചെലവഴിക്കാന്‍. ഈ സിനിമയ്ക്കു വേണ്ടി യു കെ യില്‍ പുട്ടൂര്‍ അമ്മന്‍ എന്നൊരു കമ്പനി തുടങ്ങി. ആ കമ്പനിയിലേക്ക് വിശാല്‍ ഫിലിം ഫാക്ടറിയില്‍ നിന്നും എത്ര രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ എല്ലാം മനസിലാകും.
ഒന്നരവര്‍ഷത്തോളം സ്വന്തം സഹോദരനായി കൊണ്ടു നടന്നവനാണ് എന്നെ ഇപ്പോള്‍ അപമാനിക്കുന്നത്. എനിക്ക് ആരും സിനിമ തരരുതെന്നാണ് നിര്‍മാതാക്കളോട് പറയുന്നത്. അവനൊരു നിര്‍മാതാവിന്റെ മകനാണ്. ഞാനൊരു പാവപ്പെട്ട തയ്യല്‍ക്കാരന്‍റെ മകനും. എനിക്ക് കഥയെഴുതാന്‍ അറിയാം. ഒരു വെള്ള പേപ്പറും പെന്‍സിലും തന്നാല്‍ ഞാന്‍ കഥയെഴുതും. അല്ലെങ്കില്‍ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിപ്പിക്കും. അതല്ലെങ്കില്‍ റോഡില്‍ ഇറങ്ങി പാട്ടു പാടിയും കഥ പറഞ്ഞും പത്തു രൂപയെങ്കിലും സമ്പാദിക്കും, ഏതെങ്കിലും ഹോട്ടലില്‍ ജോലിക്കു പോകും. ഒരിക്കലും ഞാന്‍ പിച്ചയെടുക്കാന്‍ ഇറങ്ങില്ല. ഇവനൊരു കഥയെഴുതാന്‍ അറിയാമോ? ടോള്‍സ്‌റ്റോയി ആരാണെന്നറിയാമോ? എന്റെ അമ്മയെ അവന്‍ വേശ്യയെന്നു വിളിച്ചു. അതു ചോദ്യം ചെയ്ത എന്റെ സഹോദരനെ തല്ലി. ഞാനപ്പോഴും അവനോട് വഴക്കിനു പോയില്ല, എന്റെ സഹോദരനെയാണ് ശാസിച്ചത്. ഒന്നുമില്ലെങ്കിലും ഇത്രയും നാള്‍ എന്നെ അണ്ണന്‍ എന്നു വിളിച്ചനല്ലേ, വിട്ടേക്കൂ എന്നാണ് പറഞ്ഞത്. ഞാന്‍ കഷ്ടപ്പെട്ട് എഴുതിയ തിരക്കഥയുടെ അവകാശം വേണമെന്നു പറഞ്ഞ് എന്റെ ഓഫിസില്‍ കയറിയിറങ്ങി സമാധാനം തരാത്ത അവസ്ഥയിലാക്കി. എനിക്കു വേണമെങ്കില്‍ സംവിധായകരുടെ സംഘടനയിലോ നിര്‍മാതാക്കളുടെ സംഘടനയിലോ പോയി പരാതി കൊടുക്കാമായിരുന്നു. എങ്കില്‍ അവനീ സിനിമ ചെയ്യുമായിരുന്നോ? ഇപ്പോള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട്, അതിനു കഴിയുമായിരുന്നോ? എന്റെ സഹോദരനാണ് പറഞ്ഞത്, അണ്ണാ അതവന് കൊടുത്തു വിട്ടേക്കെന്ന്.
വിശാല്‍ ആരാണെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം.ഞാന്‍ ആരാണെന്നും. എന്റെ സിനിമകള്‍ പറയും ഞാന്‍ ആരാണെന്ന്. ഇവന്‍ ഇവിടെ ചെയ്യുന്നതെല്ലാം എല്ലാവരും കാണുന്നുണ്ട്. ഞാന്‍ നിന്നോട് എങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് നിന്റെ വീട്ടിലുള്ളവരോട് ചോദിച്ചാല്‍ പറഞ്ഞു തരും. തമിഴ്‌നാട്ടില്‍ ഞാന്‍ മാത്രമാണ് അവനെ നന്നായി നോക്കിയത്. ഇപ്പോള്‍ ഞാന്‍ അവനില്‍ നിന്നും തമിഴ്‌നാടിനെ സംരക്ഷിക്കാനാണ് നോക്കുന്നത്. ഇതൊരു തമിഴന്റെ കോപമാണ്. അവന്റെ ആരോപണങ്ങള്‍ ഒന്നും എന്നെ തളര്‍ത്തില്ല. കാഴ്ച്ച പോയാലും ഞാന്‍ കഥയെഴുതി ജീവിക്കും. വിശാല്‍, നിനക്കെതിരേയുള്ള പോരാട്ടം ഞാന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ നിനക്ക് ഉറക്കമില്ലാത്തതാണ്.
മിഷ്‌കിന്റെ സംവിധാനത്തില്‍ വിശാല്‍ നായകനായി എത്തിയ തുപ്പറിവാളന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതുമുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലുമായിരുന്നു. പെട്ടെന്നാണ് വിശാലും മിഷ്‌കിനും തമ്മില്‍ തെറ്റിയെന്നും ചിത്രത്തിന്റെ സംവിധാനം വിശാല്‍ തന്നെ ഏറ്റെടുത്തതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. മിഷ്‌കിന്‍ അനാവശ്യമായി പണം ചെലവാക്കുകയാണെന്നും സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുകയാണെന്നും അതു ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നുമാണ് വിശാല്‍ പറയുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട് വിശാല്‍ കാണിച്ച ചതിയാണ് എല്ലാത്തിനും കാരണമെന്നാണ് മിഷ്‌കിനും ആരോപിക്കുന്നത്.
Leave a Reply