പറവൂരിൽ വിസ്മയ (25) എന്ന യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിനു ശേഷം കാണാതായ സഹോദരി ജിത്തുവിനെ (22) എറണാകുളം മേനക പരിസരത്തു ബുധനാഴ്ച രാത്രി അലഞ്ഞു തിരിയുന്നതിനിടെ കണ്ടെത്തി. പൊലീസിന് അവരെ തിരിച്ചറിയാൻ 15 മണിക്കൂർ വേണ്ടിവന്നു.
പരസ്പര വിരുദ്ധമായി സംസാരിച്ച ജിത്തുവിനെ വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടിയെന്ന നിലയിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പൊലീസ് കലക്ടറേറ്റിനു സമീപത്തെ ‘തെരുവു വെളിച്ചം’ ഷെൽറ്റർ ഹോമിലെത്തിച്ചത്. താൻ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ജിത്തു ആദ്യം പറഞ്ഞത്. രാവിലെ ലക്ഷദ്വീപ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് ആളെ മനസ്സിലായില്ല.
ഉച്ചയ്ക്കു ശേഷമാണ് പറവൂർ പൊലീസിനു വിവരം ലഭിക്കുന്നത്. അവർ തെരുവു വെളിച്ചം നടത്തിപ്പുകാരനായ തെരുവോരം മുരുകനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. വിസ്മയ കേസിൽ അന്വേഷിക്കുന്ന പെൺകുട്ടിയാണെന്നു പൊലീസ് പറഞ്ഞില്ലെങ്കിലും തങ്ങളെത്തുന്നതുവരെ സുരക്ഷിതയായിരിക്കണമെന്ന് നിർദേശിച്ചു.
ഇതോടെ മുരുകനും സഹപ്രവർത്തകരും പെൺകുട്ടിയെ നിരീക്ഷണത്തിലാക്കി. തനിക്ക് ആൺസുഹൃത്തിന്റെ കൂടെ പോകണമെന്നും ഇവിടെ നിന്നു വിട്ടയയ്ക്കണമെന്നും പെൺകുട്ടി മുരുകനോട് ആവശ്യപ്പെട്ടെങ്കിലും ആശ്വസിപ്പിച്ചു സ്ഥാപനത്തിൽ നിർത്തുകയായിരുന്നു. സമീപ ഫ്ലാറ്റിലെ വീട്ടമ്മ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം ജിത്തു കുടിച്ചുകൊണ്ടിരിക്കെയാണ് പറവൂർ പൊലീസ് തെരുവു വെളിച്ചത്തിലെത്തിയത്. പൊലീസിനെ കണ്ടപ്പോൾ ജിത്തു പതുങ്ങിയെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതിരുന്നതിനാൽ പൊലീസിനൊപ്പം പോകുകയായിരുന്നു.
പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെയും ജിജിയുടെയും മക്കളാണ് വിസ്മയയും ജിത്തുവും. ചോദ്യം ചെയ്യലിൽ സഹോദരിയെ കൊലപ്പെടുത്തിയതാണെന്നു ജിത്തു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് വിസ്മയ വീടിനുള്ളിൽ വെന്തുമരിച്ചത്.
തുടർന്നു ജിത്തുവിനെ കാണാതായി. എറണാകുളം, തൃശൂർ ജില്ലകളിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും വൈകിട്ടോടെ പിടികൂടി. ജിത്തുവിനെ കാണാതായതും വീടിനുള്ളിൽ രക്തപ്പാടുകൾ കണ്ടെത്തിയതും ദുരൂഹതകൾക്കു കാരണമായി. മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ പോയ സമയത്താണു കൊലപാതകം നടന്നത്.
മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ് ഇവർ പോയത്. എന്നാൽ, ഇടയ്ക്കു ജിത്തു നിർബന്ധിച്ചു സഹോദരിയെക്കൊണ്ടു കയ്യിലെ കെട്ട് അഴിപ്പിച്ചു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ജിത്തു കത്തിയെടുത്തു വിസ്മയയെ കുത്തി. കുത്തേറ്റു വിസ്മയ വീണപ്പോൾ മരിച്ചെന്നു കരുതി ജിത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയശേഷം വീടിന്റെ പിൻവാതിലിലൂടെ കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കയ്യാങ്കളിക്കിടയിൽ ജിത്തുവിന്റെ വിരലുകൾക്കു പരുക്കേറ്റു. മുറിവേറ്റ വിരലുകളിൽ ജിത്തു ബാൻഡേജ് കെട്ടിയിരുന്നു.
Leave a Reply