കോട്ടയം ∙ സിൽവർലൈൻ പദ്ധതി നടപ്പായാൽ മാടപ്പള്ളി പഞ്ചായത്തിലെ മൂന്നിലൊന്നു പ്രദേശം കുടിയൊഴിപ്പിക്കപ്പെടും. കല്ല് നാട്ടാനുള്ള ശ്രമം മാടപ്പള്ളിക്കാർ സർവശക്തിയുമെടുത്ത് തടഞ്ഞതിന് കാരണവും ഇതുതന്നെ. ചങ്ങനാശേരിക്കു കിഴക്ക് കറുകച്ചാൽ റോഡിൽ 5 കിലോമീറ്റർ പിന്നിട്ടാൽ മാടപ്പള്ളി പഞ്ചായത്ത് അതിർത്തിയായി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നിന്ന് സിൽവർലൈൻ പാത പ്രവേശിക്കുന്നത് മാടപ്പള്ളി പഞ്ചായത്തിലേക്കാണ്.

പഞ്ചായത്തിലെ 20 വാർഡുകളിൽ 7 വാർഡുകളിലൂടെയാണ് ഏഴര കിലോമീറ്റർ പാത കടന്നു പോകുന്നത്. മാടപ്പള്ളി വില്ലേജിൽ മാത്രം 50 സർവേ നമ്പറുകളിലെ ഭൂമിയിൽ സർവേയുണ്ട്. 400 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി വി.ജെ.ലാലിയും ചെയർമാൻ ബാബു കുട്ടൻചിറയും പറഞ്ഞു. ഗ്രാമ പ്രദേശത്തെ 3 പ്രധാന ജംക്‌ഷനുകൾ ഇല്ലാതാകും. വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും. 2 പള്ളികളും ഒരു കുടുംബ ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനവും ഏറ്റെടുക്കേണ്ടി വരുമെന്നാണ് ആശങ്ക. 10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പള്ളിയിൽ താമസിക്കുന്നത്. ഇവരിൽ ഏറെയും ഇടത്തരം കർഷകരാണ്.

പഞ്ചായത്തിലെ 2 പ്രധാന കോളനികളും കുടിയൊഴിപ്പിക്കേണ്ടിവരും. കോളനികളിലൊന്നിന്റെ നടുവിലൂടെയാണ് പാത കടന്നു പോകുന്നത്. മറ്റേതിന്റെ ഒരു ഭാഗത്തു കൂടിയും. ഓരോ കോളനിയിലും 100 പേർ താമസിക്കുന്നുണ്ട്. രണ്ടു സെന്റ് മുതൽ രണ്ടേക്കർ വരെ സ്ഥലം നഷ്ടപ്പെടുന്നവർ ഗ്രാമത്തിലുണ്ട്. കൂടുതൽ ഭൂമിയുള്ളവരുടെ പുരയിടത്തിന്റെ മധ്യഭാഗത്തു കൂടിയാണ് പാത പോകുന്നത്. ഫലത്തിൽ ഇവരുടെ ഭൂമിയുടെ വില ഇടിയും. കാര്യമായ നഷ്ടപരിഹാരവും ഇല്ല. സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർക്കു തന്റെ വീട് വിൽക്കാൻ തയാറാണെന്ന് പഞ്ചായത്തിലെ മാമ്മൂട് സ്വദേശി കോണമുടയ്ക്കൽ മനോജ് വർക്കി സമൂഹ മാധ്യമത്തിലിട്ട കുറിപ്പ് ചർച്ചയായിരുന്നു.