ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധം. എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്രോളാണ് താരത്തിന് വിനയായത്. ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോൾ തയ്യാറാക്കിയിരുന്നത്.

അഭിപ്രായ സർവേ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാൻ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളിൽ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയമില്ല… വെറും ജീവിതം മാത്രം എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ പോസ്റ്റ് പങ്കുവച്ചത്. ട്രോൾ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴി വച്ചത്.

വിവേകിനെ വിമർശിച്ച് ആദ്യം രംഗത്തു വന്നത് ബോളിവുഡ് താരം സോനം കപൂർ ആയിരുന്നു. തീർത്തും അരോചകമെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവേക് ഒബ്റോയിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരമൊരു ട്വീറ്റ് പങ്കുവയ്ക്കുന്നത് എന്തൊരു അസംബന്ധമാണെന്നും താരത്തിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു.

ഒട്ടും വിവേകമില്ലാത്ത ഒരാൾക്ക് ആരാണ് വിവേക് എന്നു പേരിട്ടതെന്നും താരത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞു. വിവേകിനെ ഓർത്ത് ലജ്ജിക്കുന്നു എന്നർത്ഥം വരുന്ന ഹാഷ്ടാഗുകളും വിവേകിനെതിരെ സജീവമായി. നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടെയോ പഴയ ചിത്രങ്ങളും പഴയ പ്രണയബന്ധങ്ങളും കോർത്തിണക്കി ഒരു ട്രോളുണ്ടാക്കിയാൽ എങ്ങനെ പ്രതികരിക്കുമെന്നും ആരാധകർ ചോദിക്കുന്നു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ