കണ്ണീർപ്പെയ്ത്തിനു നടുവിലേക്ക് സന്തോഷക്കടലായി അവർ ഇരമ്പിയെത്തി. 4 നാൾ മുൻപു കടലിൽ കാണാതായ 4 മത്സ്യത്തൊഴിലാളികൾ സ്വന്തം പരിശ്രമത്താൽ ആശ്വാസതീരമണഞ്ഞതു അദ്ഭുതകരമായ രക്ഷപ്പെടലും അതിജീവനവുമായി. പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എൻജിനുകളിലൊന്നു പ്രവർത്തനക്ഷമായതാണു രക്ഷയായത്.
ബുധനാഴ്ച ഉച്ചയ്ക്കു കടലിൽ പോയ ഇവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 2 ഔട്ട്ബോർഡ് എൻജിനുകളും കേടാവുകയായിരുന്നു. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവർ രൂക്ഷമായ കടൽക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ‘ഒഴുക്കിൽ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി ഞങ്ങൾ നിലവിളിച്ചു. അതിനിടെ നങ്കൂരം പാരുകളിൽ വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകൾ കടന്നുപോയപ്പോൾ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റൻ ചരക്കു കപ്പൽ വള്ളത്തിനു നേർക്കു വന്നപ്പോൾ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളിൽ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.
കനത്ത കാറ്റിൽ വാരിയെല്ലിൽ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലിൽ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തിൽ പ്രായം ചെന്ന യേശുദാസൻ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാർഥനയോടെ കാത്തു, കരയണയാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എൻജിൻ അറ്റകുറ്റപ്പണി അൽപം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എൻജിൻ സ്റ്റാർട്ടായി.’– നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവർ പങ്കുവച്ചു.
ഇതിനിടെ, തിരച്ചിൽ നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ തീരവാസികൾ പ്രതിഷേധമുയർത്തി. കോസ്റ്റ് ഗാർഡ്-നാവിക സേനാ കപ്പലുകളുൾപ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകൾക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ.
നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികൾ അഭ്യർഥിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.
	
		

      
      



              
              
              




            
Leave a Reply