ബോഡി ഷെയിമിങ്ങിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ട്രാവല്‍- ഫുഡ് വ്‌ളോഗര്‍മാരായ സുജിത് ഭക്തനും ഭാര്യ ശ്വേതയും. ശ്വേതക്കെതിരെ ഇവര്‍ പോസ്റ്റ് ചെയ്യുന്ന ട്രാവല്‍, ഫുഡ് വ്‌ളോഗ് വീഡിയോകള്‍ക്ക് താഴെ വ്യാപകമായി ബോഡി ഷെയിമിങ്ങ് കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ഇത്തരം ബോഡി ഷെയിമിങ് കമന്റുകളില്‍ പ്രതികരിച്ചാണ് ഇരുവരും തങ്ങളുടെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

”എന്റെ ഭാര്യ തടിച്ചിയാണ്. എന്റെ ഭാര്യക്ക് വണ്ണമുണ്ട്. എനിക്കും വണ്ണമുണ്ട്, അത്യാവശ്യം കുടവയറുണ്ട്. എന്റെ അനിയനും വണ്ണമുണ്ട്, വീട്ടില്‍ എല്ലാവര്‍ക്കും വണ്ണമുണ്ട്.

എന്റെ ഭാര്യക്ക് വണ്ണമുള്ളത് ഞാന്‍ സഹിച്ചോളാം. പക്ഷെ അത് സഹിക്കാന്‍ പറ്റാത്ത കുറേ ആള്‍ക്കാരുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതല്‍ തുടങ്ങിയതാണ്.

ഈയിടെ ഞങ്ങള്‍ യാത്ര തുടങ്ങിയത് മുതല്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ബോഡി ഷെയിമിങ്. ശ്വേതയെ ടാര്‍ഗറ്റ് ചെയ്ത് ധാരാളം കമന്റുകള്‍ വരുന്നുണ്ട്. സ്ത്രീകളാണ് കൂടുതല്‍ കമന്റിടുന്നുണ്ട്.

എനിക്ക് ശരിക്കും മനസിലാവുന്നില്ല, ശരിക്കും ആളുകളുടെ പ്രശ്‌നം എന്താണെന്ന്.

ഒരു സ്ത്രീക്ക് പ്രസവത്തിന് ശേഷം അവരുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ ചേഞ്ചസും ബാക്കിയുള്ള മാറ്റങ്ങളും സ്വന്തം
അമ്മയും പെങ്ങളും ഭാര്യയും ആരാണെന്ന് മനസിലാവുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റുകയുള്ളൂ.

തൈറോയ്ഡിന്റെ പ്രശ്‌നങ്ങള്‍ കാരണം ശരീരം വണ്ണം വെക്കും. ശ്വേതക്ക് തൈറോയ്ഡിന്റെ പ്രശ്‌നമുണ്ട്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്.

ഹെല്‍ത്ത് വൈസ് തടിയുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാം. ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടാവാം. തടിയില്ലാത്തവര്‍ക്കെന്താ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ലേ. ഫുള്‍ടൈം ജിമ്മില്‍ പോയി ഫിറ്റായി നടക്കുന്ന ആളുകള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നില്ലേ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓരോരുത്തരുടെ ലൈഫ്‌സ്റ്റൈലും കാര്യങ്ങളും ശരീരത്തെ ഒരു പരിധി വരെ ബാധിക്കും. എനിക്കിത്ര കുടവയര്‍ വന്നത് യാത്രകള്‍ ചെയ്തുതുടങ്ങിയ സമയത്താണ്. ഞാന്‍ പണ്ട് മെലിഞ്ഞിരുന്ന വ്യക്തിയാണ്. ലൈഫ്‌സ്റ്റൈലില്‍ വന്ന മാറ്റമാണ് കുടവയറിന് കാരണം.

ശ്വേത അങ്ങനെയല്ല. ശ്വേത ചെറുപ്പം മുതല്‍ ഇങ്ങനെയാണ്. ചില ആളുകള്‍ ചെറുപ്പം മുതല്‍ ചബ്ബിയായിരിക്കും, അത് നമ്മള്‍ ആക്‌സപ്ട് ചെയ്യണം. ശ്വേതയുടെ വണ്ണം ഒരിക്കലും ഭക്ഷണം കഴിച്ചിട്ടല്ല.

വെളുത്തവന്‍ കറുത്തവനെ കളിയാക്കുന്നു, മെലിഞ്ഞാല്‍ പ്രശ്‌നം, തടിച്ചാല്‍ പ്രശ്‌നം, എന്താണ് നിങ്ങളുടെയൊക്കെ പ്രശ്‌നം. ഇതൊക്കെ ശരിക്കും മോശമാണ്.

സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയില്‍ നോക്കിയിട്ട് വേണം അങ്ങനെ കമന്റ് ചെയ്യുന്നവര്‍ ഇനി കമന്റ് ചെയ്യാന്‍. നിങ്ങള്‍ അത്ര ഫിറ്റാണോ എന്ന് നോക്കിയിട്ട് വേണം കമന്റ് ചെയ്യാന്‍,” സുജിത് ഭക്തന്‍ വീഡിയോയില്‍ പറഞ്ഞു.

”ഈ നാട്ടില്‍ തടിയുള്ള ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റില്ലേ. എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ചിലര്‍ ജന്മം കൊണ്ട് തടി വെക്കും, ചിലര്‍ മെലിഞ്ഞ് എലുമ്പന്മാരെ പോലിരിക്കും. എലുമ്പന്മാരെ നിങ്ങള്‍ എലുമ്പന്മാര്‍ എന്ന് വിളിക്കുമോ, തടിച്ചികളെ തടിച്ചി എന്ന് വിളിക്കുമോ. അപ്പൊ സാധാരണ പോലുള്ള ആളുകള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ പാടുള്ളൂ എന്നാണോ.

എനിക്കിപ്പൊ ആള്‍ക്കാരോട് പുച്ഛമാണ്. ഐ ഡോണ്ട് കെയര്‍. കാരണം, ഞാന്‍ വണ്ണം വെക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് വണ്ണമുള്ളതെന്നും എനിക്കറിയാം. എനിക്കതില്‍ പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം.

ഒരാള്‍ക്ക് ജീവിക്കണ്ടേ. തടിച്ചവര്‍ക്ക് മാത്രമല്ല, മെലിഞ്ഞ് ഈര്‍ക്കിലി പോലുള്ള ആള്‍ക്കാര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ. ഭയങ്കര സെക്‌സി ടൈപ്പില്‍ ബോഡിയുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ ഈ നാട്ടില്‍ ജീവിക്കാന്‍ പാടുള്ളൂ എന്നുണ്ടോ.

നമ്മുടെ ചാനലില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കുറേയിടത്ത് ഞാന്‍ ഇത് കണ്ടിട്ടുണ്ട്,” ശ്വേത പറഞ്ഞു.